കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്തേക്കുള്ള ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ ഇന്ത്യന്‍ പുറംകടലിലെത്തി. രാവിലെ ഏഴരയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ എത്തും. രാവിലെ 9.15 ന് കപ്പല്‍ ബര്‍ത്തില്‍ അടുപ്പിക്കും. വിഴിഞ്ഞം തുറമുഖത്തേക്ക് മദര്‍ഷിപ്പ് എത്തുമ്പോള്‍ പൂര്‍ത്തിയാകുന്നത് നാളുകള്‍ നീണ്ട കാത്തിരിപ്പാണ്.
വിവിധ സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ പലകാലങ്ങളില്‍ വിഴിഞ്ഞത്ത് ഉണ്ടായിട്ടുണ്ട്. 1940കളുടെ തുടക്കത്തിലാണ് വിഴിഞ്ഞത്ത് പുതിയ തുറമുഖം എന്ന ആലോചന വരുന്നത്. അന്ന് മുന്‍കൈയെടുത്തത് തിരുവിതാംകൂര്‍ ദിവാനായ രാമസ്വാമി അയ്യര്‍. ജനാധിപത്യ ഭരണം വന്നതോടെ ആലോചന അപ്പാടെ അവസാനിച്ചു. 1996 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ. കെ നായനാര്‍ വീണ്ടും തുറമുഖം എന്ന ആശയം മുന്നോട്ടുവച്ചു. 2000 ത്തില്‍ പദ്ധതിയെ കുറിച്ച് പഠനം ആരംഭിച്ചു. 2009-2010 വര്‍ഷം പഠനപരമ്പരകള്‍ നടന്നു. ഭൂവുടമ മാതൃകയില്‍ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനമായി. 2013 ല്‍ കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു.
2015 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ അദാനിക്ക് നല്‍കി. ഒടുവില്‍ 2015 ഡിസംബറില്‍ സ്വപ്നപദ്ധതിക്ക് നിര്‍മ്മാണ തുടക്കം. ആയിരം ദിനങ്ങള്‍ കൊണ്ട് ആദ്യത്തെ കപ്പല്‍ വിഴിഞ്ഞത്തുമെന്ന് അന്നത്തെ പ്രഖ്യാപനം. 2017ല്‍ ഓഖി ചുഴലിക്കാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പുറകോട്ടടിച്ചു. പിന്നാലെ കൊവിഡ് എത്തി. ഇതിനിടയില്‍ പ്രതിഷേധങ്ങള്‍ ഒരുവഴിക്ക് നടന്നു.
എല്ലാത്തിനും ഒടുവില്‍ 2023 ഒക്ടോബറില്‍ വിഴിഞ്ഞത്തേക്കുള്ള ക്രെയിനുമായി ഷെന്‍ഹുവാ 15 തുറമുഖത്ത് നങ്കൂരമിട്ടു. ഇപ്പോഴിതാ മദര്‍ ഷിപ്പായ സാന്‍ ഫെര്‍ണ്ണാണ്ടോ എത്തുകയാണ്. അങ്ങനെ പ്രതിസന്ധികള്‍ പലതും കടന്നാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരമണയുന്നത്. ഇനിയുമുണ്ട് കടമ്പകള്‍ കുറച്ച് കൂടി.
92 1 minute read