BUSINESSBUSINESS NEWSKERALALATEST

വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല; കിറ്റെക്‌സിന്റെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ എടുക്കും മന്ത്രി

കൊച്ചി: കിറ്റെക്‌സിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും അവരുന്നിയിച്ച പ്രശ്‌നങ്ങള്‍ ഗൗരമായി എടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റുവകുപ്പുകളുടെ പരിശോധനകളാണ് നടന്നതെന്നാണ് അറിഞ്ഞതെന്നും രാജീവ് പറഞ്ഞു.
വ്യവസായ മേഖലയില്‍ ഉണര്‍വിന്റെ ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യമെന്നും രാജീവ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ‘അസെന്‍ഡ് കേരള’ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപപദ്ധതിയില്‍ നിന്നും പിന്മാറുന്നതായി വ്യവസായ ഗ്രൂപ്പായ കിറ്റെക്‌സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വ്യവസായവകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ചെയര്‍മാന്‍ സാബു എം. ജേക്കബ് പറഞ്ഞിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയതായും ഇവര്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വ്യവസായ മന്ത്രി രാജീവ്.

Related Articles

Back to top button