LATESTNATIONAL

കേന്ദ്രത്തിന് തിരിച്ചടി; പരിസ്ഥിതി ആഘാതനിര്‍ണയ ചട്ടം അന്തിമ വിജ്ഞാപനം ഇറക്കുന്നത് കര്‍ണാടക ഹൈക്കോടതി തടഞ്ഞു

ബെംഗളുരു: പുതുക്കിയ പരിസ്ഥിതി ആഘാതനിര്‍ണയ ചട്ടത്തിന്റെ കരട് രൂപവുമായി മുന്നോട്ടുപോയ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ചട്ടത്തിന്റെ അന്തിമകരട് വിജ്ഞാപനം ഇറക്കുന്നത് കര്‍ണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പ്രാദേശികഭാഷകളില്‍ കരടിന്റെ രൂപം ഇറക്കാത്തതെന്ത് എന്ന് ചോദിച്ച ഹൈക്കോടതി, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ടാകൂ എന്ന് നിരീക്ഷിച്ചു. അനുവദനീയമായ മറ്റ് നടപടികളുമായി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന് മുന്നോട്ട് പോകാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
യുണൈറ്റഡ് കണ്‍സര്‍വേഷന്‍ മൂവ്!മെന്റ് എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വനമേഖലകള്‍ക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ വ്യവസായ, വികസനപദ്ധതികള്‍ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് അനുമതി നല്‍കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് പാരിസ്ഥിതികാഘാത നിര്‍ണയ ചട്ടം 2020. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ കരട് വിജ്ഞാപനത്തിന് വേണ്ടത്ര ജനശ്രദ്ധ കിട്ടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഗസറ്റ് വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ പുറത്തിറക്കാനാകൂ എന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ കോണ്‍സല്‍ വാദിച്ചത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രാദേശികഭാഷകളില്‍ വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കാനാകുമോ എന്ന് പരിശോധിച്ച് വരികയാണെന്നും കേന്ദ്രം വാദിച്ചു. എന്നാലിത് തള്ളിയ ഹൈക്കോടതി, വ്യക്തമായി പ്രാദേശികഭാഷകളില്‍ക്കൂടി കരട് വിജ്ഞാപനം പുറത്തിറക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി.
വന്‍കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി പരിസ്ഥിതിനിയമങ്ങള്‍ മാറ്റിയെഴുതുന്നതാണ് പരിസ്ഥിതി ആഘാതനിര്‍ണയ ചട്ടത്തിന്റെ കരടെന്ന ആക്ഷേപം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. പരിസ്ഥിതി വിദഗ്ധരും എന്‍ജിഒകളും സെലിബ്രിറ്റികളുമടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button