BREAKING NEWSKERALA

പി.കെ.കുഞ്ഞാലിക്കുട്ടി മടങ്ങി വരുന്നു, സംസ്ഥാന രാഷ്ട്രീയത്തിലേക്ക്, ലക്ഷ്യം തിരഞ്ഞെടുപ്പുകള്‍

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കാലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതില്‍ വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കും ആയിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീറും പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തില്‍ ആ ഘട്ടം വരുമ്പോള്‍ തീരുമാനിക്കുമെന്നും ഇ.ടി.പറഞ്ഞു.
വരാന്‍ പോകുന്നത് തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണെന്നും വലിയ വെല്ലുവിളിയാണ് നേരിടാനുള്ളതെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന ഭരണം കേരളത്തിന് വലിയ മോശമായ സ്ഥിതിയാണുണ്ടാക്കുന്നത്. ഒരു ഗുണവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപതിരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതലയാണ് മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

Related Articles

Back to top button