BREAKING NEWSLATESTNATIONAL

കോവിഡ് രൂക്ഷം, രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ച് മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ രാവിലെ ഏഴു വരെയാണ് രാത്രി കര്‍ഫ്യൂ. പകല്‍ സമയത്ത് അഞ്ചിലധികം പേര്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. മാളുകളും ഭക്ഷണശാലകളും ബാറുകളും തുറക്കാന്‍ അനുവദിക്കില്ല. അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ അനുവദിക്കും. വ്യാവസായിക പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കും. പച്ചക്കറി ചന്തകളില്‍ ജനക്കൂട്ടം നിയന്ത്രിക്കും.
ആള്‍ക്കൂട്ടം ഉണ്ടാകാത്ത തരത്തില്‍ സിനിമാ ഷൂട്ടിങ് അനുവദിക്കും. തീയേറ്ററുകള്‍ തുറക്കില്ല. വാരാന്ത്യങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയൊന്നും അനുവദിക്കില്ല. പൊതുഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 50 ശതമാനം ആളെക്കയറ്റുന്ന തരത്തില്‍ പൊതുഗതാഗതം അനുവദിക്കും.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.

Related Articles

Back to top button