BREAKING NEWSNATIONAL

ഇ.ഡി വിട്ട രാജേശ്വര്‍ സിങ് ബിജെപി സ്ഥാനാര്‍ഥി; അപര്‍ണ യാദവിനും റീത്തയുടെ മകനും സീറ്റില്ല

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ തലസ്ഥാനമായ ലക്‌നൗവില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ലക്‌നൗവിലെ സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് സ്വയം വിരമിച്ച ഇ.ഡി ജോയന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങാണ് സരോജിനി നഗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി.
2 G സ്‌പെക്ട്രം, അഗസ്താവെസ്റ്റ്‌ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വര്‍. സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി സ്വാതി സിങ്, ഭര്‍ത്താവ് ദയാശങ്കര്‍ സിങ് എന്നിവര്‍ ലക്ഷ്യം വച്ചിരുന്ന പ്രധാനപ്പെട്ട സീറ്റാണ് രാജേശ്വര്‍ സിങിന് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
അതേസമയം ലക്‌നൗവിലെ സീറ്റുകളില്‍ സ്ഥാനാര്‍ഥിത്വം മോഹിച്ചിരുന്ന പല പ്രമുഖരും പട്ടികയില്‍ ഇടം നേടിയിട്ടില്ല. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവും റീത്താ ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷിയും പട്ടികയിലില്ല.
പാര്‍ട്ടി കോട്ടയായ ലക്‌നൗ കണ്ടോന്‍മെന്റില്‍ മന്ത്രി ബ്രിജേഷ് പതക് സ്ഥാനാര്‍ഥിയാകും. അപര്‍ണ യാദവും, മായങ്ക് ജോഷിയും ഈ സീറ്റിനായി ചരടുവലികള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ഥിയായ മത്സരിച്ച അപര്‍ണ ബി.ജെ.പി സ്ഥാനാര്‍ഥിയായ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടിരുന്നു. അടുത്തിടെ എസ്.പി വിട്ട അപര്‍ണ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ലക്‌നൗ ഈസ്റ്റില്‍ മന്ത്രി അശുതോഷ് തണ്ടനാണ് സ്ഥാനാര്‍ഥി. രജ്‌നേഷ് ഗുപ്ത ലക്‌നൗ സെന്‍ട്രലിലും സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലക്‌നൗവില്‍ ആകെയുള്ള 9 സീറ്റുകളില്‍ 8 എണ്ണത്തിലും ബി.ജെ.പിയാണ് വിജയിച്ചിരുന്നത്.

Related Articles

Back to top button