BREAKING NEWSKERALA

ലക്ഷ്യം ഹവാല ഇടപാടുകാര്‍, സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും

കൊച്ചി: കേരളത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കൊല്ലംമുതല്‍ മലപ്പുറംവരെയുള്ള ജില്ലകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. 15 ഇടങ്ങളിലായി ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് രാത്രി വൈകിയും നടന്ന റെയ്ഡിലുള്ളത്. 10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് അടുത്തകാലത്തായി എത്തിയെന്നാണ് ഇ.ഡി. മൂന്നുവര്‍ഷമായി നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വന്‍തോതില്‍ ഹവാല ഇടപാടു നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് ഒരേസമയം കേരളത്തിലെ 15 ഇടങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. ഹവാലയ്ക്കായി ഇ.ഡി. സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാനകേന്ദ്രങ്ങള്‍.
കൊച്ചിയില്‍ പെന്റാമേനക ഷോപ്പിങ് മാളിലെ മൊബൈല്‍ ആക്സസറീസ് മൊത്തവില്‍പ്പനശാല, ബ്രോഡ്വേയ്ക്ക് സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്തവില്‍പ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍, തുണിത്തരങ്ങളുടെ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കൊച്ചിയിലെ പെന്റാമേനകയില്‍ മാത്രം ദിവസവും 50 കോടിരൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തിയത്.
രാഷ്ട്രീയ-വ്യവസായ-ഉദ്യോഗസ്ഥ ബന്ധം ഹവാല ഇടപാടുകളിലുണ്ടെന്ന് ഇ.ഡി. സ്ഥിരീകരിക്കുന്നു. മണിഎക്സ്ചേഞ്ചുകള്‍, ജൂവലറികള്‍, തുണിക്കടകള്‍, മൊബൈല്‍ വില്‍പ്പനശാലകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിലയേറിയ സമ്മാനങ്ങള്‍ വില്‍ക്കുന്നയിടങ്ങള്‍ എന്നിവിടങ്ങളാണ് ഹവാലപ്പണം ഒഴുകുന്ന കേന്ദ്രങ്ങളെന്നാണ് കണ്ടെത്തല്‍.
അമ്പതോളം രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഹവാലപ്പണം എത്തുന്നതെന്നാണ് ഇ.ഡി. ഉന്നതവൃത്തങ്ങള്‍ പറയുന്നത്. 10,000 കോടിരൂപയുടെ ഹവാലയെന്നത് ഏകദേശ കണക്കാണെന്നും റെയ്ഡ് പൂര്‍ത്തിയായാല്‍ ഇതിനേക്കാള്‍ കൂടുതല്‍ കണ്ടെത്താനിടയുണ്ടെന്നും ഇ.ഡി. വ്യക്തമാക്കി.

Related Articles

Back to top button