BREAKING NEWSNATIONAL

വരുമോ ആരെങ്കിലും… പ്രവര്‍ത്തകരെത്തേടി ബംഗാള്‍ സി.പി.എമ്മിന്റെ പരസ്യം

കൊല്‍ക്കത്ത: പാര്‍ട്ടിക്കുവേണ്ടി പ്രതിഫലേച്ഛയില്ലാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പരസ്യം നല്‍കി സി.പി.എം. പശ്ചിമബംഗാള്‍ ഘടകം. കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തേടുന്ന ലിങ്ക്ഡ് ഇന്‍ ആപ്പിലാണ് കോര്‍പ്പറേറ്റ് ശൈലിയില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
ഡിജിറ്റല്‍ പ്രചാരവേല, സാമ്പത്തിക മേല്‍നോട്ടം, ഓഫീസ് നടത്തിപ്പ്, നാട്ടിലിറങ്ങിയുള്ള വിവരശേഖരണം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവരെയാണ് പാര്‍ട്ടി തേടുന്നത്. ഗ്രാഫിക് ഡിസൈനര്‍മാരെയും ക്ഷണിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തോട് താത്പര്യവും സമര്‍പ്പിത സേവനത്തിനുള്ള മനഃസ്ഥിതിയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഇത് ഒരു ജോലിയായി കണക്കാക്കരുതെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
ഈയിടെ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന ‘മിനി പ്‌ളീന’ത്തില്‍ ഡിജിറ്റല്‍ പ്രചാരണം ശക്തമാക്കുന്നതിനെപ്പറ്റി കൂടിയാലോചനകള്‍ നടന്നിരുന്നു. പാര്‍ട്ടി ഓഫീസുകളില്‍ ഇതിന്റെ ചുമതലയുള്ളവരുടെ പ്രവര്‍ത്തനം മികച്ചതാണെന്ന വിലയിരുത്തലുമുണ്ടായി. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ഒരു ഡിജിറ്റല്‍ ടീമിനെ സജ്ജമാക്കണമെന്ന നിര്‍ദേശവും വന്നു. ഈ സാഹചര്യത്തിലാണ് ലിങ്ക്ഡ് ഇന്നില്‍ അക്കൗണ്ട് തുറന്ന് പരസ്യം നല്‍കിയത്.
പാര്‍ട്ടിക്ക് പ്രവര്‍ത്തകര്‍ ഇല്ലായെന്ന യാഥാര്‍ഥ്യമാണ് പരസ്യം വെളിവാക്കുന്നതെന്ന് തൃണമൂല്‍ കേന്ദ്രങ്ങള്‍ പരിഹസിച്ചു. പ്രവര്‍ത്തകര്‍തന്നെയാണ് തങ്ങളുടെ എല്ലാ ജോലികളും ചെയ്യുന്നതെന്നും വാടകയ്‌ക്കെടുക്കേണ്ട ഗതികേടില്ലെന്നും ബി.ജെ.പി. നേതാക്കളും പ്രതികരിച്ചു.

Related Articles

Back to top button