BREAKING NEWSNATIONAL

പ്രധാനമന്ത്രിസ്ഥാനാര്‍ഥി ഇല്ലെങ്കിലും ‘ഇന്ത്യ’ സഖ്യത്തില്‍ പ്രശ്‌നമുണ്ടാകില്ല -ശരദ് പവാര്‍

മുംബൈ: വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കെതിരേ ‘ഇന്ത്യ’ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും പ്രശ്‌നംവരില്ലെന്ന് എന്‍.സി.പി. നേതാവ് ശരദ്പവാര്‍. പുണെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കയായിരുന്നു അദ്ദേഹം.
തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു പവാര്‍.
ജനം മാറ്റത്തിന് തയ്യാറെങ്കില്‍ ഒരാളെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും സര്‍ക്കാര്‍ ഉണ്ടാകുമെന്ന് 1977-ലെ മൊറാര്‍ജി സര്‍ക്കാരിനെ പരാമര്‍ശിച്ച് പവാര്‍ പറഞ്ഞു. അടിയന്തരാവസ്ഥയ്‌ക്കെതിരേയുള്ള ജനവികാരം ഇന്ദിരാഗാന്ധിസര്‍ക്കാരിന്റെ പതനത്തിന് വഴിവെച്ചപ്പോള്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുകയായിരുന്നു. ജനതാപാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിതന്നെ അന്ന് നിലവില്‍വന്നതായി പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പി.യും ശിവസേനയും ചേര്‍ന്നുള്ള മഹാവികാസ് അഘാഡി ലോക്സഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ സഖ്യത്തെക്കാളും മുമ്പിലെത്തുമെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഭിപ്രായസര്‍വേക്ക് അത്രപ്രാധാന്യം നല്‍കേണ്ട കാര്യമില്ല. എങ്കിലും ഒരു സൂചനയായി കരുതാമെന്നും പവാര്‍ പറഞ്ഞു.

Related Articles

Back to top button