BREAKING NEWSKERALALATEST

ഡ്രൈവിങ് ടെസ്റ്റ് കാര്യക്ഷമമല്ലെന്ന് എ.ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ട്

കോട്ടയം: കേരളത്തില്‍ ഡ്രെവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ടെസ്റ്റ് കാര്യക്ഷമമല്ലെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റില്‍ കണ്ടെത്തല്‍. ആദ്യമായാണ് കേരളത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എ.ജി. ഫീല്‍ഡില്‍ പരിശോധന നടത്തുന്നത്.
കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 37 ടെസ്റ്റിങ് ഗ്രൗണ്ടുകളിലായിരുന്നു കഴിഞ്ഞവര്‍ഷം പരിശോധന. എല്ലാ ടെസ്റ്റിങ് ഗ്രൗണ്ടുകളിലും എച്ച് ട്രാക്കിന്റെകൂടെ പാര്‍ക്കിങ് ട്രാക്ക് വേണമെന്ന് നിഷ്‌കര്‍ഷയുണ്ടെങ്കിലും 34-ലും ഇല്ലെന്ന് കണ്ടെത്തി. 31 ഗ്രൗണ്ടിലും എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ല. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ പിന്നിലേക്ക് നോക്കി എച്ച് എടുക്കാം.
20 എണ്ണത്തില്‍ ഇരുചക്രവാഹന ടെസ്റ്റ് എടുക്കുന്ന ആള്‍ ഹെല്‍മറ്റ് ഉപയോഗിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സില്ലെന്നും ഏഴു വാഹനങ്ങള്‍ക്ക് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തി.
20 ഇടത്ത് ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടില്‍ത്തന്നെ നടത്തുന്നതായി കണ്ടെത്തി. 16 ഗ്രൗണ്ടില്‍ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ ടെസ്റ്റ് എടുക്കുന്ന ആള്‍ക്ക് സഹായത്തിന് ഗ്രൗണ്ടില്‍ ഇടപെടുന്നത് കണ്ടെത്തി. 12 ഗ്രൗണ്ടുകളില്‍ ഒഴികെ മറ്റൊരിടത്തും കുടിവെള്ളം, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളില്ലായിരുന്നു.
ലേണേഴ്‌സ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് റോഡ് സുരക്ഷയില്‍ ക്ലാസ് കൊടുക്കണമെന്നാണ് നിയമം. 23 ഗ്രൗണ്ടുകളില്‍ വന്നവര്‍ക്കും റോഡ് സുരക്ഷാ ക്ലാസ് ലഭിച്ചിരുന്നില്ല.റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Back to top button