ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ ഉറച്ചുനില്‍ക്കുന്ന കര്‍ഷകര്‍ക്കു പിന്തുണയേറുന്നു. മൂന്നു ലക്ഷത്തോളം കര്‍ഷകരാണു ഡല്‍ഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ഗാസിപുര്‍, നോയിഡ എന്നിവിടങ്ങളിലും കര്‍ഷകര്‍ തമ്പടിച്ചിട്ടുണ്ട്. കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ എത്തും. തുടര്‍ പ്രക്ഷോഭത്തിനു രൂപം നല്കാന് നേതാക്കള്‍ ഇന്നു സിംഘുവില്‍ യോഗം ചേരും.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്കാരം തിരികെ നല്കി. ജനാധിപത്യ ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗവുമായ സുഖ്ദേവ് സിങ് ധിന്‍സ പത്മഭൂഷണ്‍ തിരികെ നല്കുമെന്നു പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലും ഭുവനേശ്വര്‍, ബെംഗളൂരു, ജയ്പുര്‍ എന്നിവിടങ്ങളിലും പ്രകടനം നടന്നു. കര്‍ഷക നേതാക്കളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പ്, ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കര്‍ഷകരുടെ ആവശ്യങ്ങള്‍ തുറന്ന മനസ്സോടെ കേള്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു. സമരം എത്രയും വേഗം അവസാനിപ്പിച്ച് സ്വന്തം വീടുകളിലേക്കു മടങ്ങാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കണം. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടെ മരിച്ച 2 കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്കു പഞ്ചാബ് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ബംഗാളിലും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. പ്രതിഷേധാഗ്നിയില്‍ നരേന്ദ്ര മോദിയുടെ അധികാരക്കസേര കത്തിയമരുമെന്നു ഡല്‍ഹി–ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ നടന്ന സമ്മേളനത്തില്‍ സിപിഎം എംപി: കെ.കെ. രാഗേഷ് പറഞ്ഞു. കര്‍ഷകര്‍ക്കു പിന്തുണയറിയിച്ചു ബിനോയ് വിശ്വം എംപി, ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ ഹരിയാന അതിര്‍ത്തിയിലെ സിംഘുവിലെത്തി.