KERALALATEST

നടന്‍ മമ്മൂട്ടിക്ക് ഇക്കുറി വോട്ടില്ല, കാരണം ഇതാണ്

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല. എറണാകുളം ജില്ലയിലെ പനമ്പിള്ളി നഗറിലെ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് പേരില്ലാത്തത്. പനമ്പിള്ളി നഗറിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് സാധാരണ വോട്ടുരേഖപ്പെടുത്താറുള്ളത്. മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് അടുത്തിടെ താമസം മാറിയിരുന്നു.
ഇന്നലെ വൈകിട്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നു മമ്മൂട്ടി അറിഞ്ഞത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എറണാകുളം ഉപതിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. അതിനാല്‍ സ്വാഭാവികമായി വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നാണു കരുതിയതെന്നു മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നതു വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചെന്നൈയിലായതിനാല്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല.
ഇക്കുറി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Related Articles

Back to top button