മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. റെയില്‍ വ്യോമ ഗതാഗതത്തെ ഇന്നും കനത്ത മഴ ബാധിച്ചേക്കും. ഇന്നലെ 50 വിമാനങ്ങളാണ് ഇന്നലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് വഴിതിരിച്ച് വിടുകയോ റദ്ദാക്കുകയോ ചെയ്തത്. മുംബൈ പൂനെ റൂട്ടില്‍ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. ഉയര്‍ന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നല്‍കിയിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം, തീരദേശ കര്‍ണാടകയിലും മഴ ശക്തമാണ്. ഉത്തരകന്നഡ, ഉഡുപ്പി ജില്ലകളില്‍ 5 ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 36 മണിക്കൂറില്‍ തീരദേശ കര്‍ണാടകയില്‍ പെയ്തത് ഈ സീസണിലെ റെക്കോഡ് മഴയാണ്. കഴിഞ്ഞ 36 മണിക്കൂറില്‍ 150 മുതല്‍ 152 മില്ലിമീറ്റര്‍ വരെ പെയ്തു. മംഗളുരു, ഉഡുപ്പി, കാര്‍വാര്‍ മേഖലകളില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. മംഗളുരു നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടാണ്. ഉഡുപ്പി, സിര്‍സി, യെല്ലാപൂര്‍, സിദ്ധാപൂര്‍, മല്‍നാട് മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശ കര്‍ണാടകയിലെ വിവിധ റിസര്‍വോയറുകള്‍ നിറഞ്ഞതിനാല്‍ ഡാമുകള്‍ തുറന്ന് വിട്ടു. പുഴകള്‍ നിറഞ്ഞ് ഒഴുകുന്നതിനാല്‍ കുട്ടികളെ അടക്കം ക്യാമ്പുകളിലേക്ക് മാറ്റിയത് റബ്ബര്‍ ചങ്ങാടത്തിലാണ്. ബംഗളുരു നഗരത്തില്‍ അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉഡുപ്പി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളുരു, ദക്ഷിണ കന്നഡ ജില്ലകളിലും അവധിയാണ്. ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
അസമില്‍ പ്രളയ ദുരിതം തുടരുകയാണ്. സംസ്ഥാനത്ത് ആകെ മരണസംഖ്യ 72 ആയി ഉയര്‍ന്നു. അരുണാചല്‍ പ്രദേശിലെ കര്‍സിംഗയില്‍ മണ്ണിടിച്ചില്‍ കാരണം പ്രധാനപാതകള്‍ അടച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തര്‍പ്രദേശിലും കനത്ത മഴ തുടരുകയാണ്. അയോധ്യയില്‍ സരയു നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡില്‍ പ്രളയം രൂക്ഷമായ ചമ്പാവത് മേഖലയില്‍ നിന്നും നാനൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. ഉത്തര്‍പ്രദേശിലും കനത്ത മഴ തുടരുകയാണ്.
98 1 minute read