ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വെയ്റ്റര്‍മാര്‍ക്ക് ടിപ്പ് കൊടുക്കുന്നത് സംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായമായിരിക്കും. എന്നാല്‍, വളരെ മാന്യമായി സംസാരിച്ച്, ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തരിച്ചറിഞ്ഞ് പെരുമാറുന്ന ഒരു വെയ്റ്റര്‍ക്ക് ചിലപ്പോള്‍ നമ്മള്‍ ചെറിയൊരു ടിപ്പ്, സന്തോഷത്തിന്റെ പേരില്‍ കൊടുക്കുന്നു. ചില വെയ്റ്റര്‍മാര്‍ ടിപ്പ് ചോദിച്ച് വാങ്ങുന്നു. ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഇതിനിടെ തന്റെ വ്യത്യസ്തമായൊരു പ്രവര്‍ത്തി കാരണം തനിക്ക് 1.3 ലക്ഷം രൂപ ടിപ്പ് ലഭിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തലമുടിയുടെ സ്‌റ്റൈല്‍ ഒന്ന് മാറ്റി പരീക്ഷിച്ചതാണ് ടിപ്പ് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് യുവതിയുടെ അവകാശവാദം.
ജോലിസ്ഥലത്തെ ഷിഫ്റ്റുകളിലുടനീളം വ്യത്യസ്തമായ ഹെയര്‍സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നതിലൂടെയാണ് താന്‍ ഓരോ തവണയും കൂടുതല്‍ ടിപ്പ് നേടുന്നതെന്നാണ് സാം മക്കോള്‍ തന്റെ ടിക് ടോക്ക് വീഡിയോയില്‍ അവകാശപ്പെട്ടതന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘എനിക്ക് കൂടുതല്‍ നുറുങ്ങുകള്‍ ലഭിക്കുന്നതിന് ഞാന്‍ ‘സെര്‍വര്‍ ഹെയര്‍ തിയറി’ പരീക്ഷിക്കുന്നു.’ എന്ന് സാം മക്കോള്‍ ടിക്ക് ടോക്ക് വീഡിയോയില്‍ അവകാശപ്പെട്ടു. ആദ്യ ദിവസം തന്റെ തവിട്ടുനിറത്തിലുള്ള നീണ്ട മുടി നിരങ്ങളുള്ള ശിരോവസ്ത്രം ഉപയോഗിച്ച് സ്‌റ്റൈല്‍ ചെയ്തു. അന്ന് 310 ഡോളര്‍ (ഏകദേശം 26,000 രൂപ) ടിപ്പ് ലഭിച്ചു. അടുത്ത ദിവസം, നെറ്റിയില്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് ഡച്ച് ബ്രെയ്ഡുകള്‍ ഉണ്ടാക്കിയപ്പോള്‍ ടിപ്പ് തുക 428 ഡോളറായി (ഏകദേശം 36,000 രൂപ) ഉയര്‍ന്നു. മൂന്നാം ദിവസം, മെക്കാള്‍ ഒരു മെസി ബണ്‍ പരീക്ഷിച്ചു. അന്ന് ടിപ്പായി തനിക്ക് 392 ഡോളര്‍ (ഏകദേശം 33,000 രൂപ) ലഭിച്ചു. ഹെയര്‍ ബാറ്റ് പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ 465 ഡോളര്‍ (ഏകദേശം 39,000 രൂപ) ടിപ്പ് ലഭിച്ചെന്നും അവര്‍ വീഡിയോയില്‍ അവകാശപ്പെട്ടു.
ഉപഭോക്താവിന്റെ സംതൃപ്തിക്കായുള്ള നിരവധി നിര്‍ദ്ദേശങ്ങളില്‍ തലമുടിയുടെ സ്‌റ്റൈല്‍ ഏറെ നിര്‍ണ്ണായകമാണെന്ന ‘ഹെയര്‍ സിദ്ധാന്തം’ ത്തിന് വലിയ പ്രചാരമുണ്ട്. മുമ്പും ഇത്തരത്തില്‍ ഹെയര്‍ സ്‌റ്റൈല്‍ മാറ്റത്തിലൂടെ ടിപ്പില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചിരുന്നെന്ന് പല വെയ്റ്റര്‍മാരും അവകാശപ്പെട്ടിട്ടുണ്ട്. വീഡിയോ വൈറലായതോടെ, വൃത്തിയുള്ള ഹെയര്‍സ്‌റ്റൈലുള്ള വെയ്റ്റര്‍മാരെ തങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് ചില കാഴ്ചക്കാരെഴുതി. ‘എന്റെ മകള്‍ പോണിടെയില്‍ കെട്ടുമ്പോള്‍ കൂടുതല്‍ ടിപ്പ് ലഭിക്കുന്നതായി പറയുന്നു.’ ഒരു കാഴ്ചക്കാരനെഴുതി. ‘സ്‌പേസ് ബണ്ണുകളാണ് നല്ലത്’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ‘ഞാന്‍ ഇത് ഒരിക്കല്‍ പരീക്ഷിച്ചു. അത് വിജയിച്ചു. പക്ഷേ പ്രായമായ പുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല’ ഒരു കാഴ്ചക്കാരി എഴുതി. ‘ഞാന്‍ മെടഞ്ഞ പിഗ്ടെയിലുകള്‍ ധരിക്കുമ്പോള്‍ പ്രായമായവരില്‍ നിന്നാണ് എനിക്ക് കൂടുതല്‍ ടിപ്പ് ലഭിച്ചിരുന്നത്. പക്ഷേ അതെന്നെ അസ്വസ്ഥമാക്കുന്നു.’ മറ്റൊരു കാഴ്ചക്കാരി എഴുതി.
95 1 minute read