BREAKINGNATIONAL

അലമാര തുറന്നാല്‍ രഹസ്യഅറയിലേക്കുള്ള വാതില്‍; കശ്മീരില്‍ ഭീകരര്‍ ഒളിച്ചിരുന്നത് ഇങ്ങനെ

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ ഒളിച്ചിരുന്നത് വീട്ടിനുള്ളിലെ അലമാരയ്ക്കുള്ളില്‍ നിര്‍മിച്ച രഹസ്യഅറയില്‍. അലമാരയ്ക്കുള്ളില്‍ ചുമരിനോട് ചേര്‍ന്നാണ് ഭീകരര്‍ ഒളിച്ചിരിക്കാനായി രഹസ്യഅറകള്‍ നിര്‍മിച്ചിരുന്നത്. അലമാര തുറന്നാല്‍ ഇതിനുള്ളിലേക്കുള്ള ചെറിയ വാതിലുണ്ടായിരുന്നു. ഈ വാതിലിലൂടെ അകത്ത് പ്രവേശിച്ചാല്‍ അത്യാവശ്യം വലിപ്പമുള്ള രഹസ്യഅറയാണുണ്ടായിരുന്നത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുല്‍ഗാമിലെ ചിന്നിഗാമിലാണ് ഭീകരര്‍ ഇത്തരത്തിലുള്ള ഒളിസങ്കേതങ്ങള്‍ ഒരുക്കിയിരുന്നത്. ഭീകരര്‍ക്ക് അഭയം നല്‍കിയതില്‍ പ്രദേശവാസികളുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുല്‍ഗാമിലെ രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ആറ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ് സൈന്യം വധിച്ചത്. ഇതില്‍ ഹിസ്ബുളിന്റെ ഒരു പ്രാദേശിക കമാന്‍ഡറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ രണ്ട് സൈനികരും വീരമൃത്യുവരിച്ചു.
കുല്‍ഗാമിലെ മദേര്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരരായ ഫൈസല്‍, ആദില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ ഏറ്റുമുട്ടലില്‍ ലാന്‍സ് നായിക് പ്രദീപ് നൈന്‍ വീരമൃത്യുവരിച്ചു.ചിന്നിഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ ഭീകരരായ യവാര്‍ ബഷീര്‍ ദാര്‍, സാഹിദ് അഹമ്മദ് ദാര്‍, തഹ്വീദ് അഹമ്മദ് റാത്തര്‍, ഷക്കീല്‍ അഹ്വാനി എന്നിവരെയാണ് സൈന്യം വധിച്ചത്. ഹവില്‍ദാര്‍ രാജ്കുമാറാണ് വീരമൃത്യുവരിച്ച സൈനികന്‍.

Related Articles

Back to top button