തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണന്‍ എംപി. ഇടതുപക്ഷ മനസ്സുകളിലും വലതുപക്ഷ ചിന്താഗതി വരുന്നു. മുന്‍പ് വലതുപക്ഷമായിരുന്നവരിലും ഇടതുപക്ഷ മനസ്സുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ച് കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്റെ ചിന്ത വേറെയാണ്. ത്രിപുരയിലും ബംഗാളിലും അത് കണ്ടു. പുതിയ തലമുറയ്ക്ക് അനുഭവങ്ങള്‍ കുറവാണ്. പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പഴയ രീതികള്‍ മതിയോ എന്ന് ചര്‍ച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് വിജയിച്ച ഒരേയൊരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് കെ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കാന്‍ മന്ത്രി സ്ഥാനമൊഴിയുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഉത്തരവ് പുറത്തിറക്കിയിരുന്നു. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം.
കോളനി, സങ്കേതം, ഊര് തുടങ്ങിയ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. നഗര്‍, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകള്‍ പകരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകള്‍ ഇടാമെന്ന് ഉത്തരവില്‍ പറയുന്നു.
1,107 1 minute read