BREAKING NEWSKERALALATEST

16ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം, എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍

പാര്‍ട്ടിയില്‍ വിഭാഗിയത കൊടികുത്തിവാണ കാലത്ത് മധ്യസ്ഥന്റെ റോളില്‍ തിളങ്ങിയ വ്യക്തിത്വമാണ് കോടിയേരി ബാലകൃഷ്ണന്റേത്. 1953ല്‍ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയ മകനായിട്ടാണ് കോടിയേരിയുടെ ജനനം. ആറാം വയസ്സില്‍ അച്ഛന്റെ മരണം. അമ്മയുടെ തണലില്‍ നാലു സഹോദരിമാര്‍ക്കൊപ്പം ജീവിതം. സമീപത്തെ കോടിയേരി ഓണിയന്‍ സ്‌കൂളില്‍ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ പ്രഥമ യൂണിയന്‍ ചെയര്‍മാന്‍. ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായി മാറിയിരുന്നു അപ്പോഴേക്കും.
പതിനാറാംവയസ്സില്‍ പാര്‍ട്ടി അംഗത്വം, പതിനെട്ടാം വയസ്സില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരന്‍. ജയിലില്‍ പിണറായി വിജയനും എം.പി. വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പോലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
അന്ന് തലശ്ശേരി മേഖലയിലെ യുവനേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ജയില്‍ജീവിതം കൂടുതല്‍ കരുത്തുപകര്‍ന്നുവെന്ന് പറയപ്പെടുന്നു. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി. ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികംവൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയെത്തി.
1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തലശ്ശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006ല്‍ വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തരടൂറിസം വകുപ്പ് മന്ത്രി. 2008ല്‍ 54ാം വയസ്സില്‍ പൊളിറ്റ് ബ്യൂറോയിലേക്കും 2015ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
വിഭാഗീയതയുടെ കനലുകള്‍ അണഞ്ഞുതുടങ്ങി, പിണറായി പ്രവര്‍ത്തനം പാര്‍ലമെന്ററി രംഗത്തേക്കു മാറ്റിയപ്പോള്‍ പാര്‍ട്ടിയെ കോടിയേരി നയിച്ചു. 2018ല്‍ വീണ്ടും സെക്രട്ടറി പദത്തില്‍. 2019ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കോടിയേരിയെ അലട്ടിത്തുടങ്ങി. ഇതിനിടയില്‍ത്തന്നെയായിരുന്നു മക്കളുടെ പേരിലുള്ള വിവാദങ്ങളും. മകന്റെ അറസ്റ്റിലേക്കുവരെ വിവാദം വളര്‍ന്നു.
2020 നവംബര്‍ 13ന് സെക്രട്ടറിപദത്തില്‍നിന്ന് സ്വമേധയാ അവധിയെടുത്തു. അങ്ങനെ ഇടക്കാലത്ത് എ.വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയായി ചുമതലയേല്‍പിച്ചു. പക്ഷേ, ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ചുമതല കോടിയേരിക്കു തന്നെയായിരുന്നു. എതിരാളികള്‍ക്കുപോലും സ്വീകാര്യമായ നയതന്ത്രം തന്നെയായിരുന്നു പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും കോടിയേരിക്ക് വലിയ സ്വീകാര്യത നല്‍കിയത്.
ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിച്ചു. അങ്ങനെ 2022 ഓഗസ്റ്റ് 28ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

Related Articles

Back to top button