ശ്രീനഗര്‍: കഴിഞ്ഞമാസം ചെനാബ് നദിയില്‍ ചാടി ആത്മഹത്യ ചെയ്ത ജമ്മു സ്വദേശിയായ യുവാവിന്റെ മൃതദേഹം പാകിസ്താനില്‍ കണ്ടെത്തി. അതിര്‍ത്തി ഗ്രാമമായ അഖ്നൂര്‍ സെക്ടര്‍ സ്വദേശി ഹരഷ് നാഗോത്രയുടെ മൃതദേഹമാണ് പാകിസ്താനില്‍ കണ്ടെത്തിയത്.
ജൂണ്‍ 11നാണ് ഹരഷിനെ കാണാതാകുന്നത്. ഇതോടെ ഹരഷിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ചെനാബ് നദിയുടെ തീരത്ത് നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തിയതോടെ ഹരഷ് ആത്മഹത്യ ചെയ്തതായി പൊലീസ് സംശയിക്കുകയായിരുന്നു. കൂടാതെ ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാവിന് 80,000 രൂപ നഷ്ടമായിട്ടുണ്ടെന്നും ഇയാള്‍ ഇതിന്റെ മനോവിഷമത്തിലാണെന്നും പൊലീസിന് വിവരം കിട്ടി.
മകന്റെ ഫോണ്‍ നമ്പറിലേക്ക് പാകിസ്താനിലെ പോസ്റ്റ്‌മോര്‍ട്ടം വകുപ്പില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ സന്ദേശം എത്തിയതോടെയാണ് വീട്ടുകാര്‍ക്ക് ഹരഷ് മരിച്ചതായി സ്ഥിരീകരണം ലഭിച്ചത്. പാക് അധീന പഞ്ചാബിലെ സിയാല്‍കോട്ട് മേഖലയിലെ കനാലില്‍ നിന്നും കണ്ടെടുത്ത യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിക്കുന്നതിനായി മകന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഇതിനായി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനുമുള്‍പ്പെടെ അപേക്ഷ നല്‍കിയിരിക്കുകയാണ് യുവാവിന്റെ കുടുംബം.
56 Less than a minute