KERALALATEST

വൈകാരിക ബന്ധമുള്ള മണര്‍കാട് പള്ളി വിട്ടുകൊടുക്കില്ല: ഡോ.തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത

കോട്ടയം: മധ്യകേരളത്തില്‍ സഭാതര്‍ക്കം രൂക്ഷമാകുന്നു. മണര്‍കാട് പള്ളി കൊടുക്കില്ലെന്ന് യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ നേരത്തെ ഏറ്റെടുത്ത പല പള്ളികളും അവര്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈകാരിക ബന്ധമുള്ള പള്ളി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിഭാഗം. സഭാ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മാണം വേണമെന്നും തോമസ് മാര്‍ തിമോത്തിയോസ് ആവശ്യപ്പെട്ടു.
2017 ലെ സുപ്രീംകോടതി വിധിയില്‍ ഇടവക പള്ളികളിലെ ജനങ്ങളെ പള്ളികളില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ ലംഘനമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്.
4000ത്തോളം യാക്കോബായ കുടുംബങ്ങളാണ് ഇടവകയിലുള്ളത്. എന്നാല്‍ പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ളത്. അവരെക്കൊണ്ട് പള്ളി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഓര്‍ത്തഡോക്‌സ് വിഭാഗവുമായിട്ടുള്ള ബന്ധത്തെ സംബന്ധിച്ച് സഭ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. മണര്‍കാട് പള്ളിയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button