BREAKING NEWSKERALALATEST

ശിവശങ്കറിന്റെ കുരുക്ക് മുറുകുമോ; അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നല്‍കിയ പരാതികളിലാണ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.
ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവ സംബന്ധിച്ചാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്. അതേസമയം, നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.
ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറും ചോദ്യം ചെയ്താണ് എന്‍ഐഎ ശിവശങ്കറിനെ മടങ്ങാന്‍ അനുവദിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തല്‍ക്കാലത്തേക്ക് വിട്ടയച്ചതോടെ സര്‍ക്കാര്‍ താത്കാലികമായി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ എന്‍ ഐഎയുടെ കസ്റ്റഡിയിലുള്ള ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. റമീസിന്റെ മൊഴി ശിവശങ്കറിന്റെ ഭാവി കൂടി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും.

Related Articles

Back to top button