BREAKING NEWSWORLD

വരനെ ആവശ്യമുണ്ട്… നിബന്ധനകള്‍ ഇതൊക്കെ; ഏമ്പക്കമിടാന്‍ പാടില്ല, പാചകം അറിയണം, സ്വന്തമായി ബംഗ്ലാവും വേണം

സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒരു വിവാഹ പരസ്യമുണ്ട്. ‘സ്വന്തമായി അഭിപ്രായങ്ങളുള്ള ഫെമിനിസ്റ്റിന്’ വരനെ തേടിയുള്ളതാണ് പരസ്യം. രാജ്യത്തെ വിവാഹ പരസ്യങ്ങള്‍ പലതും പെണ്‍കുട്ടിയുടെ ഭംഗി, നിറം എന്നിവയില്‍ ഇപ്പോഴും ഉടക്കി നില്‍കുമ്പോള്‍ ഈ ചിന്താഗതിക്ക് നേര്‍ വിപരീതമാണ് ‘സ്വന്തമായി അഭിപ്രായങ്ങളുള്ള ഫെമിനിസ്റ്റിന്’ വരനെ തേടിയുള്ള പരസ്യം.
30 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യസമ്പന്നയായ യുവതിക്കാണ് വരനെ വേണം എന്ന് പരസ്യത്തില്‍ പറഞ്ഞിട്ടുള്ളത്. പെണ്‍കുട്ടിയ്ക്ക് കുറച്ച് മുടിയാണുള്ളത് എന്നും ശരീരത്തില്‍ പിയേര്‍സിങ് ചെയ്തിട്ടുണ്ട് എന്നും മുതലാളിത്ത വ്യവസ്ഥിതിയ്‌ക്കെതിരായ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നുമാണ് പെണ്‍കുട്ടിയെപ്പറ്റി പരസ്യത്തില്‍ വിവരിച്ചിരിക്കുന്നത്.
തുടര്‍ന്ന് വരന് ആവശ്യമായ യോഗ്യതകളെപ്പറ്റി പറയുന്നു. സുന്ദരനായ, ആരോഗൃദൃഢഗാത്രനായ, 25 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളായിരിക്കണം വരന്‍. സ്വന്തമായി ബിസിനസ്സും ബംഗ്ലാവുമുള്ള ഒറ്റപുത്രന്മാര്‍ മാത്രം മുന്നോട്ട് വന്നാല്‍ മതി. ബംഗ്ലാവില്ലെങ്കില്‍ കുറഞ്ഞത് 20 ഏക്കര്‍ ഫാം ഹൗസ് സ്വന്തമായുണ്ടായാലും മതി. വരന് പാചകം അറിയണം എന്നും കൂര്‍ക്കം വലിക്കാനും, കീഴ്ശ്വാസം വിടാനും പാടില്ല എന്നൊക്കെയാണ് മറ്റുള്ള നിബന്ധനകള്‍. താല്പര്യമുള്ളവര്‍ രurbyourptariarchy@gmail.com (curb your ptariarchy എന്നാല്‍ പുരുഷനിയന്തൃദമായ വ്യവസ്ഥിതി അവസാനിപ്പിക്കുക) എന്ന ജിമെയില്‍ വിലാസവുമായാണ് ബന്ധപ്പെടേണ്ടത്.
കൊമേഡിയനായ അദിതി മിത്തല്‍ പോസ്റ്റ് ചെയ്ത പത്രകട്ടിങ്ങിന്റെ ചിത്രം വൈറലാവാന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡ് നടി റിച്ച ചദ്ദ ഉള്‍പ്പെടെ നിരവധിപേര്‍ പരസ്യത്തിന് രസകരമായ പ്രതികരണങ്ങള്‍ കുറിച്ചിട്ടുണ്ട്. അതെ സമയം ഈ പത്രപരസ്യം ശരിയായത് തന്നെയോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംശയം ഉണര്‍ന്നത്.
ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് ഒരു പ്രാങ്ക് പരസ്യം ആണ്. 30 വയസ്സ് തികയുന്ന തന്റെ പെങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ആയാണ് സഹോദരന്‍ ഇത്തരത്തില്‍ ഒരു പത്രപ്പരസ്യം ഒരുക്കിയത്. ജന്മദിനത്തിന്റെ അന്ന് പത്രപ്പരസ്യവും ഇമെയില്‍ ഐഡിയും പാസ്സ്‌വേര്‍ഡും സഹോദരന്‍ പേര് വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലാത്ത പെങ്ങള്‍ക്ക് നല്‍കി. രസകരമായ പ്രതികരണങ്ങളാണ് ഇമെയില്‍ പിന്നീട് വന്നത് എന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നു. അതെ സമയം വരനെ ഒരു പണപ്പെട്ടി ആയി കാണുന്നതിനെ വിമര്‍ശിച്ചും ധാരാളം ഇമെയിലുകള്‍ വന്നുവത്രെ.

Related Articles

Back to top button