BREAKING NEWSLATESTNATIONAL

ആര്യനെ പ്രതിയാക്കാതിരിക്കാന്‍ പൂജ ദദ്‌ലാനി പണം ഓഫര്‍ ചെയ്തു? ഷാരൂഖിന്റെ മാനേജറുടെ മൊഴിയെടുക്കാന്‍ കഴിയാതെ അന്വേഷണ സംഘം

മുംബൈ: ആഢംബര കപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് അന്വേഷണം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനി മൊഴി നല്‍കാന്‍ തയ്യാറാകാത്തതാണ് അന്വേഷണ സംഘത്തിന് തിരിച്ചടിയായത്.
ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൂജ ദദ്‌ലാനി ഇവര്‍ ഒഴിഞ്ഞുമാറി. മൊഴി നല്‍കുന്നതില്‍ നിന്നും തുടര്‍ച്ചയായി ഒഴിഞ്ഞുമാറുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ വീണ്ടും സമന്‍സ് പുറപ്പെടുവിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.
മുംബൈ പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ നടത്തിയ ആരോപണത്തെ തുടര്‍ന്നാണ് പൂജ ദദ്‌ലാനിയില്‍ നിന്നും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. മയക്കുമരുന്ന് കേസില്‍ ആര്യനെ പ്രതിയാക്കാതിരിക്കാന്‍ പൂജ ദദ്‌ലാനി കെ പി ഗോസാവി, സാം ഡിസൂസ, സമീര്‍ വാങ്കഡെ എന്നിവര്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ആരോപണം.
ആരോപണം നേരിടുന്ന സാം ഡിസൂസ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിപാര്‍ട്ടി കേസില്‍ എന്‍സിബിയുടെ കേന്ദ്രസംഘമാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്‍സിബിയുടെ ഡല്‍ഹി ആസ്ഥാനം നേരിട്ട് വഹിക്കുന്നുണ്ട്. ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ നീക്കിയിരുന്നു. കൈക്കൂലി ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
മയക്കുമരുന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്യന്റെ പിതാവ് ഷരൂഖ് ഖാനില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു. 25 കോടി ചോദിച്ചെങ്കിലും 18 കോടിക്ക് തീര്‍പ്പാക്കാമെന്നും ധാരണമായിരുന്നു. ഇതില്‍ എട്ട് കോടി രൂപ സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്ന് ഒത്തുതീര്‍പ്പിന് മുന്‍ കൈയെടുത്ത പ്രധാന സാക്ഷിയായ കെപി ഗോസാവി ഫോണില്‍ പറയുന്നത് കേട്ടെന്നാണ് മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സയില്‍ നടത്തിയ നിര്‍ണായക വെളിപ്പെടുത്തല്‍.
ഇതിന് പിന്നാലെയാണ് കൈക്കൂലി കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുംബൈ എന്‍സിബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയതിന് ശേഷമാണ് വാങ്കഡെയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കസ്റ്റഡിയില്‍ തുടരുന്നതിനിടെ ആര്യന്‍ ഖാനെ കൊണ്ട് പലരെയും ഫോണില്‍ വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൈക്കൂലി കേസില്‍ വാങ്കഡയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു.
ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ആഡംബര കപ്പലില്‍ റെയ്ഡ് നടത്തിയ എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും മയക്കുമരുന്ന് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Related Articles

Back to top button