BREAKING NEWSKERALA

കൂളിമാട് കടവ് പാലത്തിന്റെ തകര്‍ച്ച പൊതുമരാമത്തു വകുപ്പിന്റെ വീഴ്ച, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലായിരുന്നു

കോഴിക്കോട്: മലപ്പുറംകോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ഗുരുതര വീഴ്ച പുറത്ത്. പാലം നിര്‍മാണം പുരോഗമിക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബൈജു പി.ബി. ഒരാഴ്ചയായി സ്ഥലത്തുണ്ടായിരുന്നില്ല. അസി. എഞ്ചിനീയര്‍ മൊഹ്‌സിന്‍ അമീനും സ്ഥലത്തുണ്ടായിരുന്നില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു എഞ്ചിനീയര്‍മാര്‍ എന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കള്‍ സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകര്‍ന്നെങ്കിലുംഉച്ചതിരിഞ്ഞ് 3 മണിയോടെ മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് നിര്‍മാണത്തിന്റെ അവസാന ഘടത്തില്‍ തകര്‍ന്നുവീണത്. മലപ്പുറം ജില്ലയോട് ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പിഡബ്ലിയുഡി ആഭ്യന്തര അന്വേഷണ വിഭാഗം തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തി. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് എന്നാണ് സൂചന.
പാലം തകര്‍ന്നതിന്റെ പ്രധാന പ്രതി മുഖ്യമന്ത്രിയാണെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പാലത്തിന്റെ തകര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിച്ച മുസ്ലിം ലീഗ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു.

Related Articles

Back to top button