BREAKING NEWSLATESTWORLD

റഷ്യന്‍ പ്രതിപക്ഷ നേതാവിനെതിരെ പ്രയോഗിച്ചത് നാഡികളെ തകര്‍ക്കുന്ന കൊടിയ വിഷം

ബെര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുതിന്റെ വിമര്‍ശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവലാനിക്ക് വിഷബാധയേറ്റ സംഭവത്തില്‍ കടുത്ത ആരോപണവുമായി ജര്‍മനി രംഗത്ത്. അലക്‌സിക്ക് നല്‍കിയ വിഷം നാഡികളെ തളര്‍ത്തുന്ന നൊവിചോക് എന്ന മാരക കെമിക്കല്‍ ഏജന്റ് ആണെന്നാണ് ജര്‍മനി ആരോപിക്കുന്നത്.
അലക്‌സി നവലാനിയെ ചികിത്സിക്കുന്ന ബെര്‍ലിനിലെ ചാരൈറ്റ് ആശുപത്രിയില്‍ വെച്ച് ജര്‍മന്‍ സൈന്യം നടത്തിയ പരിശോധനയിലാണ് നൊവിചോക് എന്ന രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞതെന്ന് ജര്‍മനി അവകാശപ്പെടുന്നത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ റഷ്യ അടിയന്തരമായി വിശദീകരണം നല്‍കേണ്ടതുണ്ടെന്നും ജര്‍മന്‍ വക്താവ് സ്റ്റിഫെന്‍ സിബെര്‍ട്ട് പറഞ്ഞു.
വിവരങ്ങള്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും കൈമാറുമെന്നും അദ്ദേഹം പറയുന്നു.
44 കാരനായ അലക്‌സി നവലാനി നിലവില്‍ കോമയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. അതേസമയം ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
സൈബീരിയയിലേക്ക് പോകുന്നതിനിടെയാണ് അലക്‌സി നവലാനിയെ അബോധാവസ്ഥയില്‍ വിമാനത്തില്‍ വെച്ച് കണ്ടെത്തുന്നത്. തുടര്‍ന്ന് റഷ്യയില്‍ ചികിത്സ നല്‍കിയെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ജര്‍മനിയിലേക്ക് മാറ്റുകയായിരുന്നു.വിമാനത്താവളത്തിലെ കോഫി ഷോപ്പില്‍ നിന്ന് കുടിച്ച ചായയിലാണ് വിഷം നല്‍കിയതെന്നാണ് സംശയിക്കപ്പെടുന്നത്.

Related Articles

Back to top button