ARTICLESWEB MAGAZINE

റാഷോമോണ്‍; അകിര കുറോസോവ തുറന്ന കവാടം (ലേഖനം )

ലോകസിനിമ അമ്പതുകള്‍ വരെ കണ്ടിട്ടില്ലാത്ത പുതിയ ഒരു കഥ പറച്ചില്‍ രീതിക്കും സിനിമ കാഴ്ചക്കുമാണ് റാഷോമോണ്‍ തുടക്കം കുറിക്കുന്നത് . അത് പിന്നീട് വന്ന സിനിമകള്‍ക്ക് ഒരു പാഠപുസ്തകവും ആയി മാറി.. അകിര കുറോസോവ എന്ന ചലച്ചിത്രനിപുണന്‍ ‘റാഷോമോണ്‍ ഇഫക്ട്’ എന്ന സിനിമ സങ്കേതത്തിനും , മനഃശാസ്ത്ര തത്വത്തിനും തുടക്കം കുറിച്ചു എന്നും പറയാം. .അതി ദീര്‍ഘമായ ഉരുപന്യാസത്തിനോ ചര്‍ച്ചക്കോ പഠനത്തിനോ വേണ്ടുന്ന അറിവുകള്‍ ഈ ചലച്ചിത്രത്തിന്റെ നിര്‍മിതി , അതിലുള്ള മനുഷ്യദര്‍ശനം ഇവയിലുണ്ട് . കാഴ്ചയുടെ പുതുമകള്‍ , പശ്ചാത്തലസംഗീതം , തിരക്കഥ ഇവയെല്ലാം കൊണ്ടുതന്നെ ലോകസിനിമയിലെ എക്കാലത്തെയും ക്ലാസ്സിക്കുകളില്‍ ഒന്നാണ് അകിര കുറോസോവയുടെ റാഷോമോണ്‍ . മാത്രവുമല്ല ഈ സിനിമയുടെ വ്യത്യസ്ത തലങ്ങള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ റാഷമോണ്‍ കലാമൂല്യം തികഞ്ഞ ഒരു സിനിമയിലും ഉപരിയായ സ്ഥാനത്താണ് നിലകൊള്ളുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. അത് പ്രേക്ഷകരായും ചിന്തകരായും സിനിമാ വിദ്യാര്‍ത്ഥികളായും ഇറങ്ങിയ കാലം മുതല്‍ക്ക് ആസ്വാദകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു .

റാഷോമോണ്‍ കവാടം.
റ്യുന്‍സുകോ അകുതഗാവയുടെ ‘ ഒരു തോട്ടത്തില്‍’ എന്ന കഥയാണ് റാഷോമോണിനു ആധാരം . മര്‍ഡര്‍ മിസ്റ്ററി വിഭാഗത്തില്‍ പെടുന്നതാണ് കഥ .കഥ സഞ്ചാരം തുടങ്ങുന്നത് പെരുമഴയത്ത് ഗംഭീരമായ റാഷോമോണ്‍ കവാടത്തില്‍ അഭയം തേടിയെത്തിയ ഒരു മരം വെട്ടുകാരന്‍ , ബുദ്ധ സന്യാസി , വഴിപോക്കനായ നാട്ടുകാരന്‍ , ഈ മൂന്നു പേരിലൂടെയാണ് . മഴ തോരാന്‍ കാത്തിരിക്കവെ മരംവെട്ടിയും സന്യാസിയും വഴിപോക്കനോട് അസാധാരണമായ ഒരു സംഭവം വിവരിക്കുന്നു . മൂന്നുനാള്‍ മുന്‍പ് മരംവെട്ടി വനത്തില്‍ ഒരു മൃതദേഹം കണ്ടു . ചിതറിക്കിടന്ന സ്ത്രീയുടെ തൊപ്പി , സാമുറായി തൊപ്പി , ഒരു കയര്‍ കഷ്ണം , പിന്നെ ഒരു രക്ഷ. ഇവ പിന്‍തുടര്‍ന്നുപോയ അയാള്‍ കണ്ടത് കൊല്ലപ്പെട്ട ഒരാളെയാണ് . പേടിച്ചരണ്ട മരംവെട്ടി ഉടന്‍ തന്നെ അധികാരികളെ അറിയിച്ചു . ഈ സംഭവം നടന്ന ആ ദിവസം തന്നെ ബുദ്ധ സന്യാസി വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സാമുറായിയും അയാളുടെ ഭാര്യയും കുതിരപ്പുറത്തു പോകുന്നതുകണ്ടിരുന്നു . ഇവര്‍ രണ്ടുപേരെയും കോടതി വിളിപ്പിച്ചു .അവിടെ വെച്ച് കുറ്റവാളിയായ കൊള്ളക്കാരന്‍ തജോമാരുവിനെ കണ്ടുമുട്ടുന്നു . അയാളെക്കൂടാതെ കൊല്ലപ്പെട്ട സമുറായിയുടെ പത്നി , മരിച്ചയാളിന് വേണ്ടി ആത്മാക്കളുമായി സംസാരിക്കുന്ന ഒരു വനിത ഇവരും കോടതിയില്‍ ഹാജരുണ്ട് . ഇനിയാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുന്നത് . ഒരു അരുംകൊലയുടെ മൂന്ന് വ്യത്യസ്ത സാക്ഷ്യങ്ങള്‍ ഒന്നൊന്നായി പ്രേക്ഷകനു മുന്‍പില്‍ അനാവരണം ചെയ്യപ്പെടുകയാണ് . ഓരോന്നും അതാണ് സത്യം എന്ന് തോന്നും വിധം വിശ്വസനീയമാണ്‍

കൊള്ളക്കാരനായ കുറ്റവാളി തജോമാരു പറഞ്ഞത്;
അയാള്‍ സാമുറായിയുടെ ഭാര്യയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു പിന്തുടരുകയും വനത്തിനുള്ളില്‍ വെച്ചു സാമുറായിക്ക് അപൂര്‍വമായ ഖഡ്ഗങ്ങള്‍ കാണിച്ചുതരാം എന്ന് കപട വാഗ്ദാനം ചെയ്തു ബന്ധനസ്ഥന്‍ ആക്കുകയും ചെയ്തു . അതിനുശേഷം സാമുറായിയുടെ ഭാര്യയെ വശീകരിച്ചു വശംവദയാക്കി അവളുമായി വേഴ്ചയില്‍ ഏര്‍പ്പെട്ടു . ആദ്യം പ്രതിരോധത്തിന് മുതിര്‍ന്നു എങ്കിലും പിന്നീട് വഴങ്ങിയ അവള്‍ക്ക് കുറ്റബോധവും അപമാനവും തോന്നുകയും അതില്‍ നിന്നും മോചനം കിട്ടാന്‍ ആരെങ്കിലും ഒരാള്‍ ജയിക്കും വരെ ദ്വന്ദയുദ്ധം ചെയ്യണം എന്ന് ആവശ്യപ്പെട്ടു . ആ ഏറ്റുമുട്ടല്‍ ഭര്‍ത്താവിന്റെ മരണത്തില്‍ കലാശിച്ചു. അതുകണ്ട അവള്‍ ഓടിരക്ഷപ്പെട്ടു എന്നാണ് തജോമാരുവിന്റെ മൊഴി .

സാമുറായിയുടെ ഭാര്യ പറഞ്ഞത് :
അവള്‍ തജോമാരുവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു . അതുമൂലം ഭര്‍ത്താവിന്റെ വിദ്വേഷത്തിനും വെറുപ്പിനും പാത്രീഭൂതയായ ഭാര്യ തന്റെ സ്വന്തം കഠാര ഊരി സാമുറായിയുടെ കയ്യില്‍ കൊടുത്തു തന്നെ കൊന്നുകളയാന്‍ അപേക്ഷിച്ചു .എന്നാല്‍ അയാള്‍ അത് ചെയ്യാതെ വര്‍ദ്ധിച്ച വെറുപ്പോടെ അവളെ തുറിച്ചുനോക്കുകയാണ് ഉണ്ടായത് . ആ മാനസിക സംഘര്‍ഷം താങ്ങാനാവാതെ അവള്‍ ബോധരഹിതയായി. ഉണര്‍ന്നപ്പോള്‍ അവള്‍ കണ്ടത് നെഞ്ചില്‍ കഠാര തറച്ചു മരിച്ചു കിടക്കുന്ന ഭര്‍ത്താവിനെയാണ് . സ്വയം മരിച്ചുകളയാനുള്ള അവളുടെ ശ്രമങ്ങള്‍ വിഫലമായി .
ഇനി ഊഴം മൃതദേഹത്തിന്റെയാണ്. അതിനായി ആത്മാക്കളുമായി സംവദിക്കുന്ന സ്ത്രീ ഹാജരാകുന്നു . മൃതദേഹം അവളിലൂടെ ഇങ്ങനെ പറഞ്ഞു :
തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കൊള്ളക്കാരന്‍ അവളോട് അയാളുടെ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു .അവള്‍ക്ക് സമ്മതമായിരുന്നു ! എന്നാല്‍ തജോമാരു ഭര്‍ത്താവിനെ കൊല്ലണം കാരണം രണ്ടു പുരുഷന്മാര്‍ക്ക് വശംവദ ആയതിന്റെ കുറ്റബോധം താങ്ങാന്‍ ആവില്ല അവള്‍ക്ക് . തജോമാരു എത്ര നല്ലവന്‍ . ഭര്‍ത്താവിനോട് അയാള്‍ ചോദിച്ചു , ‘ ഇവളെ കൊല്ലണോ അതോ വിട്ടുകളയണോ ?’. തജോമാരുവിന്റെ ആ വാക്കുകള്‍ മതിയായിരുന്നു അവന്‍ ചെയ്തതെല്ലാം ക്ഷമിക്കാന്‍ . ഈ സമയം ഭാര്യ അവിടെ നിന്നും രക്ഷപ്പെട്ടു . തജോമാരു ആണെങ്കില്‍ സാമുറായിയെ ബന്ധനത്തില്‍ നിന്നും മുക്തനാക്കി അവിടെ നിന്നും പോയി . നിരാശനായ സാമുറായി ഭാര്യയുടെ കഠാര കൊണ്ട് സ്വയം കുത്തി മരിച്ചു.

ഇനിയാണ് ദൃക്സാക്ഷിയുടെ കാഴ്ചയിലേക്ക് സിനിമ വരുന്നത്. അതിങ്ങനെ :
തജോമാരു സാമുറായിയുടെ ഭാര്യയോട് അവനെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു . എന്നാല്‍ അവള്‍ ഭര്‍ത്താവിന്റെ കെട്ടുകള്‍ അഴിച്ചു തന്നെ അപമാനിച്ച തജോമാരുവിനെ കൊന്നുകളയാന്‍ അപേക്ഷിച്ചു. പക്ഷെ പതിതയായ ഭാര്യക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നില്ല . ഭാര്യ അതിനെ ചോദ്യം ചെയ്യുന്നു . രണ്ടുപേരെയും ഒരുപോലെ കുറ്റപ്പെടുത്തിക്കൊണ്ട് ഭീരുക്കളായ പുരുഷന്മാര്‍ എന്നവള്‍ വെല്ലുവിളിക്കുന്നു . അതില്‍ പ്രകോപിതരായി ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയും സാമുറായി കൊല്ലപ്പെടുകയും ചെയ്തു . ഭാര്യ ഓടി രക്ഷപ്പെട്ടു . മുറിവു പറ്റിയ കൊള്ളക്കാരന്‍ സാമുറായിയുടെ വാളുമായി അവിടെനിന്നും കടന്നു .

പ്രേക്ഷകനെ അമ്പരപ്പിച്ചുകൊണ്ട് സമാനതകള്‍ ഇല്ലാത്ത വൈരുദ്ധ്യങ്ങള്‍ അവതരിപ്പിച്ച സിനിമ വീണ്ടും തുടക്കത്തിലേ റാഷോമോണ്‍ കവാടത്തിലേക്ക് തിരികെ എത്തുന്നു . അവിടെ ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നു . വഴിപോക്കന്‍ ചെന്ന് അതിന്റെ കൈതൊട്ടില്‍ എടുത്ത് അതിലുണ്ടായിരുന്ന കുഞ്ഞു കിമോണോയും രക്ഷയും കൈവശപ്പെടുത്തി . ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്നു പോലും മോഷ്ടിക്കുന്നവന്‍ എന്ന് മരംവെട്ടി അയാളെ ശാസിക്കുന്നു . അതിനു മറുപടിയായി വഴിപോക്കന്‍ ,’ നീയോ ഒരു പിടിച്ചുപറിക്കാരന്‍ ! വേറൊരാളെ എങ്ങനെ നിനക്ക് അങ്ങനെ വിളിക്കാന്‍ കഴിയും ‘ എന്ന് ചോദിക്കുന്നുണ്ട് .അതിലൂടെയാണ് പ്രേക്ഷകന്‍ അറിയുന്നത് ദൃക്സാക്ഷിയായ മരംവെട്ടി വിചാരണയില്‍ മൊഴി കൊടുത്തിട്ടില്ല എന്നും , അതിനു കാരണം സാമുറായിയുടെ ഭാര്യയുടെ അമൂല്യമായ മുത്ത് പതിച്ച കഠാര അയാള്‍ മോഷ്ടിച്ചതാവണം എന്ന വഴിപോക്കന്റെ അനുമാനമാണ്.
‘ എല്ലാവരും സ്വാര്‍ത്ഥര്‍ ആണ് , സ്വന്തം താല്പര്യം മാത്രം ‘ എന്ന് പറഞ്ഞുകൊണ്ട് വഴിപോക്കന്‍ കവാടം വിട്ടിറങ്ങിപ്പോകുന്നു.

ഉത്തമ കഥാലക്ഷണം പോലെ ഒരു ശുദ്ധീകരണം അഥവാ കഥാര്‍സിസ് ഇവിടെയും സംഭവിക്കുന്നുണ്ട് . ബുദ്ധസന്യാസിയുടെ മനസ്സില്‍ ഇനിയും ചോരാത്ത മനുഷ്യസ്നേഹത്തിന്റെ തെളിനീര്‍ നിറച്ചുകൊണ്ട് പാവപ്പെട്ടവനായ മരം വെട്ടുകാരന്‍ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി, തന്റെ ആറു മക്കള്‍ക്കും ഇളയവനായി വളര്‍ത്തുവാന്‍ നെഞ്ചോടേറ്റി റാഷോമോണ്‍ കവാടം വിട്ടു പുറത്തേക്ക് പോകുന്നിടത്തു സിനിമ അവസാനിക്കുന്നു .

റാഷോമോണിലെ സ്ത്രീ.
ഈ ചലച്ചിത്രത്തിന്റെ കേന്ദ്രബിന്ദു നായികയായ സാമുറായിയുടെ ഭാര്യയാണ് . എല്ലാറ്റിന്റെയും തുടക്കം അവളില്‍നിന്നുമാണല്ലോ . സൗന്ദര്യം , സ്ത്രീത്വം എന്നിങ്ങനെയുള്ള ഗുണങ്ങള്‍ തികഞ്ഞ യുവതിയോടുള്ള ആകര്‍ഷണം മൂലമാണ് തജോമാരു ദമ്പതികളെ പിന്തുടരുന്നത് . എന്നാല്‍ തജോമാരുവിന്റെയും മൃതദേഹത്തിന്റെയും മൊഴികളില്‍ അവള്‍ വശീകരണത്തിനു വശംവദ ആയവളും ,പതിതയുമാണ് .
അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ഒരു സ്വഭാവച്ഛേദം പോലെ കാരുണ്യത്തിന്റെ പ്രതിരോധം അവളുടെ രക്ഷക്കായി എത്തുന്നില്ല . മറിച്ചു സാമുറായിയുടെ ഭാര്യയുടെ മൊഴിയാകട്ടെ ഒരു യാഥാസ്ഥിതിക കുലീന സ്ത്രീക്ക് യോജിക്കും വിധം ചിട്ടപ്പെടുത്തിയതാണ് .

ദൃക്സാക്ഷി .
ഈ കൊലപാതകവിവരണത്തില്‍ ഏറ്റവും തനിമയുള്ളതും സത്യത്തോട് ഏറെക്കുറെ അടുത്തുനില്‍ക്കുന്നതും ദൃക്സാക്ഷിയായ മരംവെട്ടുകാരന്‍ പറഞ്ഞതാണ് . കാരണം, അതില്‍ മാത്രമാണ് സ്ത്രീ സ്വത്വത്തിന്റെ സ്വാഭാവിക പരിണതിയുടെ സ്ഫുരണങ്ങള്‍ ഉള്ളൂ .അവള്‍ പ്രതീക്ഷിച്ചത് തനിക്കു നേരിട്ട അപച്യുതി ഭര്‍ത്താവിനാല്‍ ചോദ്യം ചെയ്യപ്പെടും എന്നും പ്രതികാരം ഉണ്ടാകും എന്നുമാണ് എന്നാല്‍ മറിച്ചു സംഭവിക്കുമ്പോള്‍ രണ്ടു പുരുഷന്‍മാരുടെയും വ്യക്തിത്വങ്ങളെ അവള്‍ വെല്ലുവിളിക്കുന്നുണ്ട് . പക്ഷെ ഒന്നുള്ളത് ഈ കഥനത്തില്‍ പോലും ദൃക്സാക്ഷിയായ മരംവെട്ടി ചില സ്വാര്‍ത്ഥ രഹസ്യങ്ങള്‍ ഒളിപ്പിക്കുന്നു ( കഠാരയെ കുറിച്ചുള്ളത് ).

വെളിച്ചത്തിന്റെയും നിഴലിന്റെയും യിന്‍ യാങ് .
മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു എന്ന രീതിയില്‍ സൂര്യ പ്രകാശവും , നിഴലും , മഴയും ഉപയോഗപ്പെടുത്തിയ സിനിമയാണ് റാഷോമോണ്‍ . പ്രത്യേകിച്ച് സൂര്യവെളിച്ചം . റാഷോമോണിലെ സ്വാഭാവിക പ്രകാശവിന്യാസം , വെളിച്ചം നന്മയുടേതാണ്; അല്ല പാപത്തിന്റേതാണ് എന്ന വിരുദ്ധ അഭിപ്രായങ്ങള്‍ നിരൂപകര്‍ക്കിടയില്‍ ഉണ്ട്.
പക്ഷെ അവസാന സീനില്‍ ഇരുണ്ട മേഘങ്ങള്‍ പെയ്യുന്ന മഴ ഒരു ദുസ്സൂചന പോലെ ഉപയോഗപ്പെടുത്താന്‍ കുറോസോവ തീരുമാനിച്ചിരുന്നു എങ്കിലും മാനവികതയുടെ വെളിച്ചം വീശുന്ന തെളിഞ്ഞ ആകാശവും സൂര്യനുമാണ് ക്ലൈമാക്സ് അടയാളപ്പെടുത്തിയത് . ചിത്രത്തിലുടനീളം ഒളിക്കപ്പെടുന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ സത്യമെന്നോണം നിബിഡമായ ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ അരിച്ചുവീഴുന്ന സൂര്യപ്രകാശം കാണാം . ഈ സൂര്യനെ നേരില്‍ ക്യാമറയില്‍ പകര്‍ത്തുക എന്നത് അതീവ ദുഷ്‌കരവും കേട്ടുകേള്‍വി ഇല്ലാത്തതുമായ പുത്തന്‍ ആശയം ആയിരുന്നു എന്നോര്‍ക്കണം .

റാഷോമോണ്‍ സിനിമയുടെ രാഷ്ട്രീയം .
ഇവിടെ രാഷ്ട്രീയം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വ്യക്തികളും സമൂഹവും തമ്മിലുള്ള കുഴഞ്ഞുമറിഞ്ഞ സംഘര്‍ഷം നിറഞ്ഞ അവസ്ഥയാണ് . അത്തരം ഒരു വ്യവസ്ഥിതിയില്‍ ഭൂരിപക്ഷം അവരുടെ സ്വന്തം താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുവാനും ഒളിപ്പിക്കുവാനും ശ്രദ്ധാലുക്കളാണ് . അത്തരം കെട്ടിച്ചമച്ച സത്യങ്ങളാല്‍ ചുറ്റപ്പെട്ടതാണ് അവരുടെ യാഥാര്‍ഥ്യങ്ങള്‍. അതാണ് റാഷോമോണ്‍ തത്വത്തിന്റെ രാഷ്ട്രീയവും മനഃശാസ്ത്രവും . ഒരേ സംഭവം നാലു വ്യക്തികള്‍ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടന്നതിന് സംഭവിക്കുന്ന വളച്ചൊടിക്കല്‍, വൈകല്യം , ഇവ ആ വ്യക്തികളുടെ താല്പര്യങ്ങളാല്‍ പ്രേരിതമാണ് . സത്യം എന്ന വെളിച്ചം ഇത്തരം നിഴല്‍വലകളില്‍ പൊതിഞ്ഞിരിക്കുന്നു . അതൊരു സമസ്യ പോലെ പലരിലൂടെ ഒളിഞ്ഞു നോക്കുന്നു . ഒന്നുണ്ട് . ആരിലാണോ സത്യം ഏറ്റവും അധികം അടുപ്പം പുലര്‍ത്തി നില്‍ക്കുന്നത് അവരില്‍ നിന്ന് മാത്രമാണ് മാനവികത അല്‍പ്പമെങ്കിലും പ്രതീക്ഷിക്കേണ്ടത് എന്ന് കൂടി കുറോസോവ എന്ന പ്രതിഭാശാലി ഈ സിനിമയിലൂടെ പറയുന്നുണ്ട് .ദാരുണമായ ഒരു മരണത്തിന്റെ മറുവശം എന്നോണം ഒരു പുതു ജീവന് അവിടെ അഭയമുണ്ടാകുന്നുണ്ട് .

റാഷോമോണ്‍ ഇഫക്ട് മലയാള സിനിമയില്‍ .
റാഷോമോണ്‍ സങ്കേതത്തിലൂടെ കഥ പറഞ്ഞിട്ടുള്ള മലയാളം സിനിമയാണ് അടൂരിന്റെ ‘ കഥാവശേഷന്‍’. ഏകദേശം ആ രീതിയില്‍ തന്നെയുള്ള ഒരു സിനിമയാണ് ടി.വി. ചന്ദ്രന്റെ ‘ ആലീസിന്റെ അന്വേഷണം’. ഈ രണ്ടു സിനിമകളിലും ഒരു വ്യക്തിയുടെ യഥാര്‍ത്ഥ മുഖം പലരിലൂടെ പല യാഥാര്‍ഥ്യങ്ങളിലൂടെയാണ് വെളിവാക്കുന്നത് . ഇത്തരം ഒരു ട്രീറ്റ്മെന്റ് പ്രേക്ഷകര്‍ക്കും ഒരുപാട് ചിന്തിക്കാന്‍ സാദ്ധ്യതകള്‍ ഉള്ള ഒന്നാണ് .ഒരു മാസ്സ് എന്റര്‍ടൈനര്‍ ആയ സി ബി ഐ ഡയറിക്കുറിപ്പ് സീരീസ് സിനിമകളും റാഷോമോണ്‍ എഫക്ടിന്റെ ഒരു ഛായ തോന്നിക്കുന്നവയാണ് .
ഒരു ദീപശിഖ എന്ന നിലയില്‍ റാഷോമോണ്‍ എഫക്ട് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രശസ്ത സിനിമകള്‍ ഉണ്ട് . ഇംഗ്ലീഷ് സിനിമകളില്‍ ഗോണ്‍ ഗേള്‍ , ഹീറോ , പ്രീ ഡെസ്റ്റിനേഷന്‍ , കറേജ് അണ്ടര്‍ ഫയര്‍ , ദി യൂഷ്വല്‍ സസ്പെക്ട്സ് എന്നിവ അതില്‍പ്പെടും .
മേല്‍ പറഞ്ഞ സിനിമകള്‍ വിലയിരുത്തും മുന്‍പ് ഏതൊരു കലാസ്വാദകനായ പ്രേക്ഷകനും സിനിമ വിദ്യാര്‍ത്ഥിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട മഹത്തായ കലാസൃഷ്ടിയാണ് റഷോമോണ്‍. ഈ ചലച്ചിത്രത്തിന്റെ മികവുകള്‍ വളരെയേറെ വിശകലനം ചെയ്യപ്പെടുകയും, പഠനങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അകിര കുറസോവ എന്ന പ്രതിഭയെ തലമുറകള്‍ ഓര്‍ക്കാന്‍ മറ്റ് ഏതു സിനിമയാണ് വേണ്ടത്?

രചന : വീണാദേവി മീനാക്ഷി.

Related Articles

Back to top button