BREAKING NEWSKERALALATEST

പ്രമുഖരെ വധിക്കാന്‍ ലക്ഷ്യമിട്ടു; എന്‍ഐഎ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു; മൂന്നു മലയാളികള്‍ അറസ്റ്റില്‍

കൊച്ചി; ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലായി എന്‍ ഐ എ നടത്തിയ റെയ്ഡില്‍ മൂന്നു മലയാളികള്‍ അറസ്റ്റിലായി. മുഹമ്മദ് അമീന്‍, മുഷാബ് അന്‍വര്‍, ഡോ. റഹീസ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഐസിസിലേക്ക് ആളെ റിക്രൂട്ട് ചെയ്യല്‍, വിവധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ എന്‍ ഐ എ സംഘത്തിന് ലഭിച്ചു
ഐസിസി റിക്രൂട്ട്‌മെന്‌റിന് നേതൃത്വം നല്‍കിയിരുന്നവര്‍ ടെലിഗ്രാം, ഗ്രൂപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഇവര്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നതെന്ന് എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ആമീന്റെ നേതൃത്വത്തില്‍ തീവ്രവാദ സംഘം അബു യാഹ്യയുടെ നിരോധിത തീവ്രവാദ സംഘടനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെയും കര്‍ണാടകയിലെയും ചില വ്യക്തികളെ കൊലപ്പെടുത്താന്‍ സംഘം ലക്ഷ്യമിട്ടിരുന്നത് സംബന്ധിച്ച വിവരവും എന്‍ ഐ എ റെയ്ഡില്‍ ലഭിച്ചിട്ടുണ്ട്.
2020 മാര്‍ച്ചില്‍ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഉടന്‍ തന്നെ മുഹമ്മദ് ആമീന്‍ ജമ്മു കശ്മീരിലേക്ക് പോയിരുന്നു. ഐസിസിനോട് കൂറ് പുലര്‍ത്തുന്ന ജമ്മു കശ്മീര്‍ പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി ഡല്‍ഹിയില്‍ ഇയാള്‍ തമ്പടിച്ചിരുന്നു. ലാപ്‌ടോപ്പുകള്‍, മൊബൈലുകള്‍, ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകള്‍, പെന്‍ ഡ്രൈവുകള്‍, വിവിധ സേവന ദാതാക്കളുടെ ഒന്നിലധികം സിം കാര്‍ഡുകള്‍, കുറ്റകരമായ രേഖകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. റെയ്ഡില്‍ കണ്ടെടുത്ത എക്‌സിബിറ്റുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്യുമെന്ന് എന്‍ ഐ എ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ്‌സ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യുടെ റെയ്ഡ് ഇന്നു രാവിലെ മുതലാണ് തുടങ്ങിയത്. മലപ്പുറം ചേളാരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടില്‍ എന്‍ ഐ എഎ ടി എസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂര്‍ താണെയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന നടത്തി. എന്‍ഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തിയത്.
കേരളത്തിനൊപ്പം ഡല്‍ഹിയില്‍ ജാഫ്രാദിലും, ബാംഗ്ലൂരില്‍ രണ്ട് ഇടങ്ങളിലും പരിശോധന നടത്തി. ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Related Articles

Back to top button