BREAKING NEWSKERALALATEST

മുട്ടിൽ മരം മുറിക്കൽ : കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി

മുട്ടിൽ മരം മുറിയിൽ കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചു.

അന്തിമ റിപ്പോർട്ട് ലഭിച്ച് അടുത്ത ഘട്ടം ശിക്ഷ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.വന്യ ജീവി അക്രമണത്തിന് സർക്കാരിന്റെ പ്രത്യേക ഇൻഷുറൻസ് ആവശ്യമില്ല. നിലവിലുള്ള സ്‌കീം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വനാതിർത്തികളിലുള്ള സോളാർ വേലി, ആന മതിൽ എന്നിവ തീർത്തും അപര്യാപ്തമാണെന്നും, അതിനാൽ വിസ്തൃതി വർദ്ധിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

വയനാട് മുട്ടിലിലെ അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എംകെ സമീറിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്ത് നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീർ. വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം.

നേരത്തെ, മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മരവിപ്പിച്ചത്. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഇന്നലെ തീരുമാനമായിരുന്നു. കൂടുതൽ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ്കൺസർവേറ്റർ വിനോദ് കുമാർ ഡി കെ പുറത്തിറക്കിയ ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്. നിലവിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇവർ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ച് സർവ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്.

Related Articles

Back to top button