BREAKING NEWSWORLD

അന്ന് ആളൊരു ജനപ്രിയ നീലച്ചിത്ര താരം… ഇന്ന് ദൈവവിളിയില്‍ പാസ്റ്റര്‍

ചെയ്യാന്‍ താല്പര്യമില്ലാത്ത ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിതരായ നിരവധിപേര്‍ ലോകത്തുണ്ട്. ദൈനംദിന ചിലവുകള്‍, വീട്ടുവാടക, കുട്ടികളുടെ പഠനം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് താല്പര്യമില്ലാതിരുന്നിട്ടും ജോലിയില്‍ തുടരാന്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നത്. എന്നാല്‍ ചിലര്‍ റിസ്‌ക് എടുക്കുന്നവരാണ്. ഇഷ്ടപെട്ട ജോലി ചെയ്യാന്‍ നിലവിലുള്ള ജോലി ഇട്ടെറിഞ്ഞ് ‘കരിയര്‍ ചേഞ്ച്’ ചെയ്യുന്നവര്‍. എന്നാല്‍ ജോഷ്വാ ബ്രൂം എന്ന് പേരുള്ള ‘കരിയര്‍ ചേഞ്ച്’ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, നീലച്ചിത്ര താരം എന്നതില്‍ നിന്നും ക്രിസ്ത്യന്‍ പാസ്റ്ററിലേക്ക്.
ജോഷ്വ ബ്രൂം അഞ്ച് വര്‍ഷത്തിലേറെയായി നീലച്ചിത്ര നിര്‍മാണ മേഖലയിലായിരുന്നു. റോക്കോ റീഡ് എന്ന പേരില്‍ അഭിനയിക്കുന്ന ജോഷ്വ ബ്രൂം 1000ല്‍ അധികം നീലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2012ല്‍ പക്ഷെ ഈ മേഖല ജോഷ്വാ ഉപേക്ഷിച്ചു. അത് തനിക്ക് ‘വലിയ വൈകാരിക ആഘാതം’ സൃഷ്ടിച്ചുവെന്ന് ജോഷ്വാ പറയുന്നു.
‘ഞാന്‍ ആരാണെന്നതിന്റെ അര്‍ഥം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് നഷ്ടപ്പെട്ടു. എല്ലാം നുണകളും കെട്ടുകഥകളുമായിരുന്നു. എനിക്ക് എന്റെ ജീവനെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അതിനുള്ള ധൈര്യം ഇല്ലായിരുന്നു,’ ബ്രൂം ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. ഒരു അഭിനേതാവാകാനുള്ള ആഗ്രഹത്തോടെ 20 വയസ്സുള്ളപ്പോഴാണ് ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡിലേക്ക് എത്തിയത്. സിനിമ മേഖലയിലേക്കുള്ള ഒരു വഴി ആദ്യ നീലച്ചിത്രം ആണെന്നുള്ള ഉപദേശം കേട്ടാണ് ആ വഴിക്ക് തിരിഞ്ഞത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നീലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ഏറ്റവും ജനപ്രിയനായ പുരുഷ താരങ്ങളില്‍ ഒരാളായി ജോഷ്വാ.
‘പണം സമ്പാദിച്ചാല്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്ന നുണ ഞാന്‍ വിശ്വസിച്ചു. ഞാന്‍ ഒരു മില്യണ്‍ ഡോളറിലധികം സമ്പാദിച്ചു. ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലായിടത്തും ഞാന്‍ യാത്ര ചെയ്തു. എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന എല്ലാ ലൈംഗികതയും ഞാന്‍ നടത്തി. പക്ഷേ, ഒരിക്കല്‍ എനിക്ക് എല്ലാം ലഭിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ജീവിതം തകര്‍ന്നു. എനിക്ക് എപ്പോഴും ഉള്ളില്‍ അനുഭവപ്പെടുന്ന സങ്കടവും ശൂന്യതയും വര്‍ദ്ധിച്ചതേയുള്ളൂ,’ ബ്രൂം ഔട്ട്‌ലെറ്റിനോട് പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് ജോഷ്വാ നീലച്ചിത്ര മേഖല വിടാന്‍ തീരുമാനിച്ചത്. അടുത്ത രണ്ട് വര്‍ഷക്കാലം ജോഷ്വാ ഒരു പുതിയ ജീവിതം തുടങ്ങാന്‍ ശ്രമിച്ചു. ഒരു ജിമ്മില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ജോഷ്വാ താന്‍ ആരായിരുന്നു എന്ന് എല്ലാവരോടും മറച്ചുവച്ചു. 2014ല്‍ ജോഷ്വാ ഹോപ്പ് എന്ന സ്ത്രീയെ കണ്ടുമുട്ടി. ഇതോടെയാണ് ജീവിതം ആകെ മാറിയത് എന്ന് ജോഷ്വാ പറയുന്നു.
ജോഷ്വാ ഹോപ്പിനൊപ്പം പള്ളിയില്‍ പോകാന്‍ തുടങ്ങി. 2016ല്‍ ഹോപ്പിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബൈബിള്‍ പഠിച്ചു. പിന്നീട് നടന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമാണ് എന്ന് ജോഷ്വാ പറയുന്നു. നിലവില്‍ അയോവയിലെ സെഡാര്‍ റാപ്പിഡിലുള്ള ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററാണ് ജോഷ്വാ ബ്രൂം. കൂടാതെ രാജ്യത്തുടനീളം ബൈബിള്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. പോഡ്കാസ്റ്റും 50,000ത്തിലധികം ഫോളോവേഴ്‌സുള്ള ജനപ്രിയ ഇന്‍സ്റ്റാഗ്രാം പേജും ജോഷ്വാ ബ്രൂമിനുണ്ട്.

Related Articles

Back to top button