BREAKING NEWSWORLD

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ലങ്കന്‍ പ്രസിഡന്റ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തിനു പൂര്‍ണ അധികാരം ലഭിക്കും.
അഞ്ചാഴ്ചയ്ക്കിടെ രണ്ടാം തവണയാണു ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നത്. ‘പൊതുക്രമം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്’ അടിയന്തരാവസ്ഥയെന്നാണു പ്രസിഡന്റിന്റെ വക്താവിന്റെ പ്രതികരണം. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ലങ്കന്‍ പാര്‍ലമെന്റിനു സമീപം പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്‌ക്കെല്ലാം രാജ്യത്തു ക്ഷാമമാണ്. മാസങ്ങളായി തുടരുന്ന പ്രതിസന്ധിയില്‍ ക്ഷമകെട്ട ജനം തെരുവിലിറങ്ങി. പാര്‍ലമെന്റിലേക്കുള്ള പാതയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു പ്രതിഷേധവുമായി തുടരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷവും പാര്‍ലമെന്റിനു സമീപത്തെ പ്രതിഷേധക്കാരെ വിരട്ടാന്‍ പൊലീസ് ശ്രമിച്ചിരുന്നു. പക്ഷേ, ജനങ്ങള്‍ പിന്മാറിയില്ല.
പാര്‍ലമെന്റിനുപുറത്ത് വ്യാഴാഴ്ച അര്‍ധരാത്രി വലിയ പ്രതിഷേധം നടന്നിരുന്നു. തൊഴിലാളിസംഘടനകള്‍ രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് വെള്ളിയാഴ്ച ഹര്‍ത്താലും നടത്തിയിരുന്നു. ലങ്കയില്‍ രാജ്യവ്യാപകമായി സ്‌കൂളുകളും കടകളും അടഞ്ഞുകിടക്കുകയാണ്.

Related Articles

Back to top button