BREAKING NEWSNATIONAL

12 മണിക്കൂറിനുള്ളില്‍ ഇന്ത്യ കണ്ട നാലു പ്രധാന രാജികള്‍

രാഷ്ട്രീയരംഗത്തെ പെരുമഴപ്പെയ്ത്തായിരുന്നു ഇന്നലത്തെ ദിനം. 12 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത് പ്രധാനപ്പെട്ട നാലു രാജികളാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സ്ഥാനമൊഴിഞ്ഞു. അജയ് കൊത്തിയാല്‍ ആം ആദ്മി പാര്‍ട്ടി വിട്ടതും രാജസ്ഥാന്‍ എംഎല്‍എ ഗണേഷ് ഗോഗ്ര തന്റെ സ്ഥാനം രാജിവച്ചതും ഈ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ.

ഹാര്‍ദിക് പട്ടേല്‍
പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ബുധനാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സംഭവം രാജ്യവ്യാപകമായി വന്‍ ശ്രദ്ധ നേടി. ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെതിരെ വന്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വലിയ നേതാക്കള്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ നിന്ന് വളരെ അകലെയാണെന്നും എന്നാല്‍ ഡല്‍ഹിയില്‍ നിന്നും നേതാക്കള്‍ എത്തിയാല്‍ അവര്‍ക്കുള്ള ചിക്കന്‍ സാന്‍ഡ്‌വിച്ച് കൃത്യസമയത്ത് വിതരണം ചെയ്യുന്നതില്‍ അവര്‍ ശ്രദ്ധ ചെലുത്താറുണ്ടെന്നും ഹാര്‍ദിക് പട്ടേല്‍ രാജിക്കത്തില്‍ ആരോപിച്ചു.
കോണ്‍ഗ്രസിനെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ നിരവധി തവണ ശ്രമിച്ചിട്ടും രാജ്യത്തിന്റെയും സമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ടായിരുന്നു.

അനില്‍ ബൈജല്‍
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം അനില്‍ ബൈജാല്‍ ബുധനാഴ്ച രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
തന്റെ മുന്‍ഗാമിയായ നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെ തുടര്‍ന്നാണ് അദ്ദേഹം 2016 ഡിസംബര്‍ 31 ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റത്. 2021 ഡിസംബര്‍ 31ന് അനില്‍ ബൈജല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. അതേസമയം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തിന് നിശ്ചിത കാലാവധി തിരുമാനിച്ചിട്ടല്ല.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന നിലയില്‍ അനില്‍ ബൈജാലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ പല വിഷയങ്ങളിലും ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

അനില്‍ കൊത്തിയാല്‍
റിട്ടേഡ് കേണല്‍ അജയ് കൊത്തിയാല്‍ ബുധനാഴ്ച ആം ആദ്മി പാര്‍ട്ടി വിട്ടു. 2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖമായിരുന്നു അദ്ദേഹം. മുന്‍ സൈനികര്‍, മുന്‍ അര്‍ദ്ധസൈനികര്‍, വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍, ബുദ്ധിജീവികള്‍ എന്നിവരുടെ വികാരം കണക്കിലെടുത്താണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ്
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം അജയ് കൊത്തിയാലിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടിയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. എഎപിയുടെ ഉത്തരാഖണ്ഡ് യൂണിറ്റിന്റെ പുതിയ തലവനായി ദീപക് ബാലിയെ നിയമിച്ചു.

ഗണേഷ് ഘോഗ്ര
രാജസ്ഥാന്‍ എംഎല്‍എ ഗണേഷ് ഗോഗ്ര ബുധനാഴ്ച രാജിവച്ചു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ഗണേഷ് ഗോഗ്ര ദുംഗര്‍പൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ഭരണകക്ഷിയുടെ എം.എല്‍.എ ആയിരുന്നിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഭരണകൂടം അവഗണിച്ചു എന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button