BREAKING NEWSKERALALATEST

ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം;ഉടന്‍ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ കര്‍ദിനാള്‍ ഉടന്‍ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ വെള്ളിയാഴ്ച ഹാജരാകാനാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെ കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഇനി കേസ് പരിഗണിക്കുന്നതുവരെ കര്‍ദിനാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഉത്തരവിട്ടു.

തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നതുമായിരുന്നു കര്‍ദിനാളിന്റെ ആവശ്യം. കേസ് മുന്‍പ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴും കര്‍ദിനാള്‍ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. കഴിഞ്ഞ മെയ് 16ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ രാവിലെ 11 ന് എത്താനായിരുന്നു നിര്‍ദേശം.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. കേസില്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. കേസില്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

Related Articles

Back to top button