FOOTBALLSPORTS

സന്തോഷ് ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്ത്

സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിന് നിരാശ. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയിട്ടും കേരളം സമനില വഴങ്ങി. നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഇതോടെ സെമി കാണാതെ പുറത്തായി. മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകള്‍ക്കും തിരശ്ശീല വീണത്. മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ കേരളം അവസാന നാലില്‍ ഇടംപിടിക്കുമായിരുന്നു.

മറ്റൊരു മത്സരത്തില്‍ കര്‍ണാടകയും ഒഡിഷയും സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് പഞ്ചാബ് 11 പോയിന്റുമായും കര്‍ണാടക ഒന്‍പത് പോയിന്റുമായും സെമിയിലേക്ക് മുന്നേറി. എട്ട് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്ത്. കേരളത്തിനായി വിശാഖ് മോഹനനാണ് ആദ്യം വല ചലപ്പിച്ചത്. ആദ്യ പകുതിക്ക് പിരിയുന്നതിന് മുന്‍പ് തന്നെ പഞ്ചാബ് രോഹിത് ഷെയ്ഖിലൂടെ സമനില പിടിച്ചു. തുടക്കം മുതല്‍ കേരളം ആക്രമിച്ച് കളിച്ചു. 24ാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. അബ്ദുല്‍ റഹീം നല്‍കിയ പാസില്‍ നിന്നാണ് വിശാഖ് മോഹന്‍ ക്ലിനിക്കല്‍ ഫിനിഷിലൂടെ കേരളത്തിന് ലീഡ് സമ്മാനിച്ചത്.

കേരളം ആക്രമണം കടുപ്പിച്ചപ്പോള്‍ പഞ്ചാബ് കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. കേരളത്തിന്റെ ലീഡിന്റെ ആഹ്ലാദം പത്ത് മിനിറ്റ് മാത്രമാണ് നിലനിന്നത്. 34ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. രോഹിത് ഷെയ്ഖായിരുന്നു സ്‌കോറര്‍. ഓഫ്സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കമല്‍ദീപ് നല്‍കിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിച്ചു. കേരളത്തിന്റെ പ്രതിരോധത്തിലെ പിഴവാണ് പഞ്ചാബിന് ഗോളിലേക്കുള്ള വഴി തുറന്നത്. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചതുമില്ല.

 

Related Articles

Back to top button