BREAKING NEWSKERALA

‘ദുരിതാശ്വാസനിധി തട്ടിപ്പില്‍ സതീശന്റെയും അടൂര്‍ പ്രകാശിന്റെയും പേരും കേള്‍ക്കുന്നു, എല്ലാം പുറത്തുവരട്ടെ’: എം വി ഗോവിന്ദന്‍

കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തട്ടിപ്പില്‍ വി ഡി സതീശന്റെയും അടൂര്‍ പ്രകാശിന്റെയും പേരും കേള്‍ക്കുന്നുണ്ട്. എല്ലാം പുറത്തുവരട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നത്. ഇതില്‍ സിപിഎം ചോര്‍ത്തി എടുത്തുവെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ഇഡി, സിബിഐ, കോടതി എല്ലാം ആര്‍ എസ് എസ് നിയന്ത്രണത്തിലേക്ക് മാറുകയാണ്. കോഴിക്കോട് എന്‍ ഐ ടി, ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്ഥാപനവുമായി ധാരണ പത്രം ഒപ്പുവെക്കുന്നത് ആര്‍ എസ് എസ് വത്കരണത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ്സും ജമാഅത്തും ലീഗും തമ്മില്‍ ലിങ്ക് നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്ത് എന്താണ് ചര്‍ച്ച നടത്തിയതെന്ന ചോദ്യം എം വി ഗോവിന്ദന്‍ ഇന്നും ആവര്‍ത്തിച്ചു. കോണ്‍ഗ്രസസില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നത് പ്രശ്‌നം തന്നെയാണ്.
മൂന്നു ലക്ഷത്തിലധികം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി കൊടുക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഇവര്‍ക്കായി ഭൂമി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. വന്‍ ആള്‍കൂട്ടം ആണ് യാത്രയിലെന്നും ജാഥയില്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ ഭീഷണി പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മയ്യില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ജാഥയില്‍ പങ്കെടുക്കാന്‍ ഭീഷണിപ്പെടുത്തിയതായി വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംഭവത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ജയരാജന്‍ യാത്രയില്‍ പങ്കെടുക്കും. ഏപ്രില്‍ 18 വരെ സമയമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കൈയില്‍ നിന്ന് പണം വാങ്ങില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല. ഇലക്ടറല്‍ ബോണ്ട് ആണ് എല്ലാ പാര്‍ട്ടികളും വാങ്ങുന്നത്. ഹരിസന്റെ കൈയില്‍ നിന്നും തെരഞ്ഞെടുപ്പു ഫണ്ട് കൈപ്പറ്റിയ സംഭവത്തില്‍ എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Related Articles

Back to top button