BREAKING NEWSKERALALATEST

ട്രെയിനിന് തീ വെച്ച സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയ്യാറാക്കിയത്. നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയത്.

നേരിയ താടിയുള്ള, തലയില്‍ തൊപ്പി വെച്ച ആളുടെ രേഖാചിത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. റെയില്‍വേ പൊലീസാണ് ചിത്രം പുറത്തു വിട്ടത്. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് പ്രതിയുമായി വളരെ സാമ്യമുണ്ടെന്ന് സാക്ഷി പറഞ്ഞു. ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ട്രെയിനിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. അക്രമവുമായി ബന്ധപ്പെട്ട് പൊലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. കേസിലെ പ്രതികളെ പെട്ടെന്നു തന്നെ പിടികൂടാനാകുമെന്നും ഡിജിപി വ്യക്തമാക്കി.

ഇപ്പോള്‍ വടക്കന്‍ മേഖല ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. താന്‍ കണ്ണൂരിലേക്ക് പോകുന്നുണ്ട്. അവിടെ വെച്ച് ഐജിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.

Related Articles

Back to top button