BREAKING NEWSKERALA

എന്‍എസ്എസില്‍ പൊട്ടിത്തെറി, സുകുമാരന്‍ നായരുടെ കസേരയ്ക്ക് ഭീഷണിയോ?

നിനച്ചിരിക്കാതെ എന്‍എസ്എസില്‍ പൊട്ടിത്തെറി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന കലഞ്ഞൂര്‍ മധുവാണ് പ്രതിനിധി സഭാ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഇക്കുറി എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ കലഞ്ഞൂര്‍ മധുവിന്റെ കാലാവധി കഴിയുകയാണ്. അംഗത്വം പുതുക്കി നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് മധു പ്രതിനിധിസഭാ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം ഇക്കുറി പുതുക്കി നല്‍കില്ലെന്ന് മധുവിന് തന്നെ അറിയാമായിരുന്നുവെന്നാണ് എന്‍എസ്എസില്‍ നിന്നും ലഭിച്ച വിവരം. അടൂര്‍ എന്‍എസ്എസ് യൂണിറ്റ് പ്രസിഡന്റാണ് കലഞ്ഞൂര്‍ മധു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരനായ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
കുറച്ച് കാലമായി നേതൃത്വവുമായി മധു സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. എന്‍എസ്എസിനകത്ത് നേതൃത്വത്തിന്നെതിരായ ഒരു വികാരം സൃഷ്ടിക്കാന്‍ മധു ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇത് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് മധുവിനെതിരെ നേതൃത്വത്തില്‍ നിന്നും വികാരമുയര്‍ന്നത്. പെരുന്നയില്‍ കണ്‍വെന്‍ഷന്‍ സെന്ററുണ്ടാക്കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം എന്‍എസ്എസില്‍ തന്നെ ഉയര്‍ന്നിരുന്നു. ഈ ആരോപണം എന്‍എസ്എസില്‍ സജീവമാക്കുന്നതില്‍ ചിലര്‍ പങ്ക് വഹിക്കുന്നതായി നേതൃത്വത്തിനു സൂചന ലഭിച്ചിരുന്നു.
സ്ഥലത്തിന് വില കുറവാണെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഇത് സുകുമാരന്‍ നായര്‍ തള്ളിക്കളഞ്ഞു. സ്ഥലമുള്ള പ്രദേശത്ത് സര്‍ക്കാര്‍ ഫെയര്‍ വാല്യൂ 15 ലക്ഷം രൂപയുണ്ടെന്നാണ് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയെന്നതാണ് എന്ന് കൂടി സുകുമാരന്‍ നായര്‍ പറഞ്ഞപ്പോള്‍ മധുവിനെതിരെയുള്ള വികാരം ശക്തിപ്രാപിക്കുകയും ചെയ്തു.
27 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് എന്‍എസ്എസിനുള്ളത്. മൂന്നു വര്‍ഷമാണ് എന്‍എസ്എസ് ഡയരക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ കാലാവധി. ഇക്കുറി കലഞ്ഞൂര്‍ മധുവിന്റെ കാലവധി തീരുകയായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടണം. മധുവിനു ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കി നല്‍കില്ലെന്ന സൂചനകള്‍ ലഭിച്ചിരുന്നു. മധു നാടകീയമായ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് നേതൃത്വമുയര്‍ത്തുന്ന ആരോപണം. മധുവിന്റെ ഒഴിവിലാണ് കെ.ബി.ഗണേഷ് കുമാറിന്റെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തത്.
ആര്‍.ബാലകൃഷ്ണ ഡയറക്ടര്‍ബോര്‍ഡ് അംഗമായിരുന്നു. പിള്ള മരിച്ച ശേഷം ഗണേഷ്‌കുമാറിനെ ബോര്‍ഡ് അംഗമാക്കി മാറ്റിയിരുന്നില്ല. കലഞ്ഞൂര്‍ മധുവിന്റെ അടക്കം രണ്ടു ഒഴിവുകള്‍ ബോര്‍ഡിലേക്ക് വന്നപ്പോള്‍ ഒരൊഴിവിലേക്കാണ് ഗണേഷ് കുമാറിന്റെ പരിഗണിച്ചത്. ഗണേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം അത് അംഗീകാരവുമായി.
അതേസമയം കലഞ്ഞൂര്‍ മധുവിനെതിരെ പൊട്ടിത്തെറിച്ചാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്. സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മധു പിന്തുണച്ചെന്നും എന്‍എസ്എസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് മധു പുറത്തായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മധുവടക്കം ആറംഗങ്ങളാണ് പ്രതിനിധിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. കലഞ്ഞൂര്‍ മധുവിനെ ബോര്‍ഡില്‍ നിന്ന് മാറ്റാന്‍ സുകുമാരന്‍ നായര്‍ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം.

Related Articles

Back to top button