BREAKING NEWSKERALALATEST

കൈതോലപ്പായയിലെ പണം കടത്ത്: ശക്തിധരന്റെ ആരോപണത്തില്‍ പൊലീസ് അന്വേഷണം

തിരുവനന്തപുരം : കൈതോലപ്പായയില്‍ പണം കൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ പൊലീസ് അന്വേഷണം. ശക്തിധരന്റെ ആരോപണം അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹ്നാന്റെ പരാതിയിലാണ് അന്വേഷണം. ഡിജിപിക്ക് നല്‍കിയ പരാതി തിരുവനന്തപുരം ഡിസിപി അജിത് കുമാര്‍ അന്വേഷിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നുവെന്ന കെ സുധാകരന്റെ പരാതിയും ഡിസിപിക്ക് കൈമാറിയിട്ടുണ്ട്. സിപിഎമ്മിന് എതിരായ പരാതികള്‍ അന്വേഷിക്കുന്നില്ലെന്ന രാഷ്ട്രീയ വിമര്‍ശനം ശക്തമായിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതികളില്‍ അന്വേഷണത്തിനുള്ള നിര്‍ദേശം.
കൈതോലപ്പായയില്‍ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ജി ശക്തിധരന്റെ ആരോപണം. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ആക്ഷേപത്തില്‍ കേസെടുക്കാത്തതും മുഖ്യമന്ത്രി മൗനം തുടരുന്നതും കോണ്‍ഗ്രസ് തുടര്‍ച്ചയായി ആയുധമാക്കി. കേസെല്ലാം പ്രതിപക്ഷനേതാക്കള്‍ക്കെതിരെ മാത്രം, മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളും പരാതികളുമുണ്ടായിട്ടും പൊലീസിന് അനക്കമില്ലെന്നും പ്രതിപക്ഷനേതാവ് അടക്കം വിമര്‍ശിച്ചു. പിന്നാലെയാണ് പൊലീസ് പ്രാഥമികാന്വേഷണത്തിന് തീരുമാനിച്ചത്.

Related Articles

Back to top button