BREAKING NEWSKERALA

മൈക്ക് കേസ്; പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്‌സ് വിഭാഗം റിപ്പോര്‍ട്ടും ഹാജരാക്കും. പൊലീസ് സ്വമേധയാ കേസെടുത്തത് പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന കാരണം പറഞ്ഞ്. കേസെടുത്തത് വന്‍ വിവാദമാവുകയും പൊതുജനമടക്കം പരിഹാസവുമായി രംഗത്ത് വരികയും ചെയ്തതോടെ കേസില്‍ നിന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ തലയൂരിയിരുന്നു.
കേസില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിരിപ്പിച്ച് കൊല്ലരുതെന്നായിരുന്നു പരിഹസിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞാണ് കേസെടുത്തതെന്ന് ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്‌ളിഫയറും ഉടമക്ക് പൊലീസ് തിരിച്ചു നല്‍കുകയും ചെയ്തു.
സെക്കന്റുകള്‍ മാത്രം മൈക്ക് തകരാറായതിന്റെ പേരിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവര്‍ത്തിച്ചുവെന്നായിരുന്നു എഫ്‌ഐആര്‍. പൊലീസ് സ്വമേധയാ എടുത്ത കേസില്‍ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍ക്കാവിലെ എസ്വി സൗണ്ട്‌സ് ഉടമ രജ്ഞിത്തില്‍ നിന്നും മൈക്കും ആംപ്‌ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തതാണ് വിവാദമാകാന്‍ കാരണം.

Related Articles

Back to top button