BREAKING NEWSKERALALATEST

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ലോകാത്ഭുതം: എ കെ ബാലന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വന്‍ ലീഡുമായി മുന്നേറുകയാണ്. ആദ്യ മണിക്കൂറില്‍ ആറായിരത്തിലേറെ വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. അയര്‍ക്കുന്നത്ത് എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് പിടിച്ചു. രണ്ടാം റൗണ്ടില്‍ തന്നെ സമ്പൂര്‍ണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറില്‍ തന്നെയുണ്ടായത്.
8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ വൈകിയാണ് ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളെണ്ണിയപ്പോള്‍ 4 വോട്ടിന് ചാണ്ടി ലീഡ് പിടിച്ചു. പത്ത് വോട്ടുകളില്‍ ഏഴെണ്ണം ചാണ്ടിക്കും 3 വോട്ടുകള്‍ ജെയ്ക്ക് സി തോമസിനും ലഭിച്ചു. അസന്നിഹിത വോട്ടുകളിലും ചാണ്ടി കൃത്യമായ ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍ പോലും ജെയ്ക്കിന് മുന്നിലേക്ക് എത്താനായില്ല. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസും എല്‍ഡിഎഫും മുന്നേറിയ അയര്‍ക്കുന്നത്ത് ഇത്തവണ ചാണ്ടി വലിയ തരംഗമുണ്ടാക്കി.

Related Articles

Back to top button