BREAKING NEWSKERALA

‘പിടിച്ച് കേറ്റെടാ അങ്ങോട്ടെന്ന് പൊലീസ്’; ‘ഞാനെന്താ കൊലക്കേസിലെ പ്രതിയാണോയെന്ന് രാഹുല്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പൊലീസും അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും തമ്മില്‍ വാക്കേറ്റം. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് രാഹുലിനെ വിലക്കിയ സിഐയുമായി രാഹുല്‍ വാക്കേറ്റമുണ്ടായി. രാവിലെ മുതല്‍ പൊലീസ് മനഃപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് രാഹുല്‍ പറഞ്ഞു.
കോളറില്‍ പൊലീസ് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ രോഷാകുലനായ രാഹുല്‍, ‘ഷാഫീ നീ രാവിലെ മുതല്‍ ഷര്‍ട്ടില്‍ പിടിക്കുന്നതാ വിട്ടേക്ക്, ഞാനെന്താ കൊലക്കേസിലെ പ്രതിയാണോ’? എന്ന് ചോദിച്ചായിരുന്നു പ്രതികരിച്ചത്. ജയിലില്‍ പോകുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്താനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരു.ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ഈ സമയത്തായിരുന്നു നാടകീയമായ രംഗങ്ങള്‍. അതീവ സുരക്ഷയാണ് ആശുപത്രി പരിസരത്തും സെന്‍ട്രല്‍ ജയില്‍ പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാഹുലിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി. വളരെ പണിപ്പെട്ടാണു പൊലീസ് ജീപ്പിലേക്കു രാഹുലിനെ കയറ്റിയത്.
”മാധ്യമങ്ങളുമായി സംസാരിച്ചിട്ടേ പോകൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ വെറും സെക്യൂരിറ്റി ഗാര്‍ഡ് ആയി പൊലീസ് മാറി. ഏരിയ സെക്രട്ടറിയേപ്പോലെ സിഐ പെരുമാറുകയാണ്. രാവിലെ മുതല്‍ പ്രശ്‌നമാണ്. എല്ലാ നടപടികളോടും സഹകരിച്ചയാളാണു ഞാന്‍. എന്റെ ഷര്‍ട്ടില്‍ പിടിച്ചതു മറന്നിട്ടില്ല. എനിക്കു സംസാരിക്കണം, ഞാന്‍ കൊലക്കേസിലെ പ്രതിയല്ല. ശശി പറഞ്ഞിട്ടാണോ നടപടി” രാഹുല്‍ ചോദിച്ചു.
ഇന്നലെ പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളിങ് ബെല്‍ ഉണ്ടായിട്ടും അതടിക്കാതെ വീടിന് ചുറ്റും പൊലീസ് നടന്ന് കതകും ജനലും തട്ടിവിളിച്ചാണ് എത്തിയതെന്ന് രാഹുലിന്റെ മാതാവ് പ്രതികരിച്ചു.
വഞ്ചിയൂര്‍ കോടതിയാണ് രാഹുലിന്റെ ജാമ്യം തള്ളിയത്. സെക്രട്ടേറിയറ്റ് സമരത്തില്‍ മുന്നില്‍ നിന്ന് നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതി പ്രതിപക്ഷ നേതാവാണെങ്കിലും അദ്ദേഹം സമരത്തിന് നേതൃത്വം നല്‍കി മുന്നിലുണ്ടായിരുന്നില്ല. പ്രതിഷേധത്തിനിടെ രാഹുല്‍ പൊലീസുകാരുടെ കഴുത്തിലും ഷീല്‍ഡിലും അടക്കം പിടിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോട്ടോകളും വിജിയോകളും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. നേതൃത്വം എന്ന നിലയില്‍ അക്രമത്തില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്തം രാഹുലിനുണ്ടായിരുന്നു. എന്നാല്‍ അത് ചെയ്തില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു
സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് കോടതിയില്‍ പറഞ്ഞു. രാഹുലിന് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ നാലാം പ്രതിയാണ് രാഹുല്‍. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്.

Related Articles

Back to top button