AUTOcurrenr affairsKERALANEWS

അടിയന്തിര ഘട്ടങ്ങളിലെ ചുമതലകള്‍ക്കായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള വാഹനങ്ങള്‍ ഏതൊക്കെ…

കോട്ടയം: ഭാരതത്തില്‍ 1989 മുതല്‍ നിലവിലുണ്ടായിരുന്ന റോഡ് ചട്ടങ്ങള്‍ (റൂള്‍സ് ഓഫ് റോഡ് റെഗുലേഷന്‍) പ്രകാരം ഫയര്‍ എന്‍ജിനും ആംബുലന്‍സും അടങ്ങുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ മുന്‍ഗണന ഉണ്ടെന്നും അങ്ങനെയുള്ള വാഹനങ്ങള്‍ കാണുന്ന മാത്രയില്‍ സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി ആ വാഹനങ്ങളെ കടത്തി വിടണം എന്നും നിഷ്‌കര്‍ഷിച്ചിരുന്നു.

എന്നാല്‍ പരിഷ്‌കരിച്ച മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് റെഗുലേഷന്‍ – 2017 നിലവില്‍ വന്നപ്പോള്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണന എന്നും ഇത്തരത്തിലുള്ള വാഹനങ്ങളില്‍ തന്നെ മുന്‍ഗണന ക്രമവും റെഗുലേഷന്‍ 27 ല്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.

അതുപ്രകാരം മനുഷ്യജീവന്‍ രക്ഷിക്കുന്നതിനൊ ആരോഗ്യത്തിന് ഗുരുതരമായ ഹാനി സംഭവിക്കുന്നത് തടയുന്നതിനൊ തീ കെടുത്തുന്നതിനോ അവശ്യ സേവനത്തിന് തടസ്സം വരാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളോ പോലുള്ള അടിയന്തരഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചില വാഹനങ്ങള്‍ക്ക് മുന്‍ഗണന അനുവദിച്ചിട്ടുണ്ട്. ഓര്‍ക്കുക വാഹനത്തിനല്ല ഇത്തരം അടിയന്തര ഘട്ടങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായിട്ടാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ സൈറണും ഫ്‌ലാഷര്‍ ലൈറ്റും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് മുന്‍ഗണനക്ക് അര്‍ഹത ഉണ്ടാകുന്നത്.

അത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്വത്തോടെയും മുന്‍കരുതലോടെയും ചുവന്ന ലൈറ്റ് മറികടക്കുന്നതിനും വേഗപരിധി ലംഘിക്കുന്നതിനും, റോഡരികിലെ ഷോള്‍ഡറിലൂടെയും വണ്‍വേക്ക് എതിര്‍ ദിശയിലൂടെ വാഹനം ഓടിക്കുന്നതിനും അനുവദിച്ചിട്ടുണ്ട്.

പ്രസ്തുത വാഹനങ്ങളിൽ തന്നെ മുൻഗണനാക്രമം താഴെപ്പറയുന്ന പ്രകാരമാണ്
1. ഫയർ എൻജിൻ
2. ആംബുലൻസ്
3. പോലീസ് വാഹനം
4. വൈദ്യുതി ശുദ്ധജലവിതരണം പൊതു ഗതാഗതം എന്നിവയുടെ തടസ്സം നീക്കുന്നതിനൊ അറ്റകുറ്റപ്പണികൾക്കോ ആയി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വാഹനങ്ങൾ.
അടിയന്തിര വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ എത്രയും പെട്ടെന്ന് സ്വന്തം വാഹനം വശത്തേക്ക് ഒതുക്കി നിർത്തുകയും മേൽവാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കുകയും ചെയ്യണം.

Related Articles

Back to top button