BREAKING NEWSKERALALATEST

ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആന ഇടഞ്ഞു; ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

ആറാട്ടുപുഴ: ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ  മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പാപ്പാനാണ് ശ്രീകുമാര്‍. ശ്രീകുമാറിനെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ഇതോടെ രണ്ട് ആനകളും കൊമ്പുകോര്‍ക്കുന്ന തരത്തിലേക്കെത്തി കാര്യങ്ങള്‍. ഇതോടെ ആളുകള്‍ വിരണ്ടോടി. രണ്ട് ആനയുടെയും പുറത്തുണ്ടായിരുന്നവര്‍ നിലത്തുവീണു. പേടിച്ചോടുന്നതിനിടെ വീണും മറ്റും ഒട്ടേറെപ്പേര്‍ക്ക് ചെറിയ പരിക്കുണ്ട്.
കൂട്ടാനയുടെ കുത്തേറ്റ പുതുപ്പള്ളി അര്‍ജുനന്‍ ഓടി. പിന്നാലെ ഏതാണ്ട് ഒരു കിലോമീറ്ററോളം രവികൃഷ്ണനും ശാസ്താംകടവ് പാലം കടന്ന് ഓടി. ഈ സമയം പാലം നിറഞ്ഞ് ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, ആനകള്‍ ആരെയും ആക്രമിച്ചില്ല. മുളങ്ങ് ഭാഗം എത്തും മുമ്പേ ഒരാനയെയും തൊട്ടിപ്പാള്‍ ഭാഗത്ത് മറ്റേ ആനയെയും എലിഫന്റ് സ്‌ക്വാഡ് തളച്ചു.

Related Articles

Back to top button