ENTERTAINMENTMALAYALAM

ഈശ്വരപ്രാര്‍ത്ഥന പാടി സംഗീത ലോകത്തേക്ക്

ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് പത്മശ്രീ കെ.ജി ജയന്‍. ഇരട്ട സഹോദരനായ വിജയനൊപ്പം ചേര്‍ന്നുള്ള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാന രംഗത്തും സിനിമാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറാം വയസില്‍ സംഗീത പഠനം ആരംഭിച്ച ജയന്‍, തന്റെ 10ാം വയസ്സില്‍ കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വച്ചാണ് അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ത്ഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇരുവരേയും കൂടുതല്‍ സംഗീതം പഠിപ്പിക്കണമെന്ന് വീട്ടുകാരോട് പറയുന്നത്.
തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ പാസായി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ ആയിരുന്നു ഉപരിപഠനം. ഇരുവരുടേയും പാട്ട് ഇഷ്ടപ്പെട്ട ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ, രാജമുദ്രയുള്ള ബട്ടണ്‍ ആണ് ഇരുവര്‍ക്കും സമ്മാനമായി നല്‍കിയത്. പിന്നാലെ ആലത്തൂര്‍ ബ്രദേഴ്സിന്റെ അടുത്ത് പാട്ട് പഠിക്കാനുള്ള ഏര്‍പ്പാടും അദ്ദേഹം നേരിട്ട് ചെയ്ത് കൊടുക്കുകയായിരുന്നു.
അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയ-വിജയന്മാര്‍ മലയാളികള്‍ക്ക് സുപരിചിതരാകുന്നത്. തനിക്ക് ലഭിച്ച ഓരോ അവസരങ്ങളും ഭാഗ്യവും തന്നത് അയ്യപ്പനാണെന്ന് പല അവസരങ്ങളിലും ജയന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വൃശ്ചികമാസത്തില്‍ മണ്ഡലകാലത്താണ് ജയന്റെ ജന്മദിനം എന്നതാണ് മറ്റൊരു പ്രത്യേകത. മണ്ഡലകാലത്ത് ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലുമെല്ലാം കേള്‍ക്കുന്ന ഭൂരിഭാഗം പാട്ടുകളും ജയവിജയന്മാരുടെ മികവില്‍ ഒരുങ്ങിയവയാണ്. സംഗീത യാത്രയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയും, ഡോ.ബാലമുരളീകൃഷ്ണയുടേയും ശിഷ്യത്വം ലഭിച്ചത് വലിയൊരു അനുഗ്രഹമായിട്ടാണ് ജയന്‍ പലപ്പോഴും കണ്ടിരുന്നത്.
ബാലമുരളീ കൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന സമയത്താണ് ജയവിജയന്മാര്‍ എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് സംഗീതം കൊടുക്കുന്നത്. എം.പി.ശിവം രചിച്ച ഈ പാട്ടുകള്‍ പാടുന്നത് പി.ലീലയാണ്. ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ, ഹരിഹരസുതനേ എന്ന രണ്ട് പാട്ടുകളാണ് അന്ന് ഇരുവരും ചേര്‍ന്ന് ചിട്ടപ്പെടുത്തിയത്. യേശുദാസിനേയും ജയചന്ദ്രനേയും ആദ്യമായി അയ്യപ്പഭക്തിഗാനം പാടിപ്പിക്കുന്നതും ജയവിജയന്മാരാണ്. ശ്രീശബരിശാ ദീനദയാലാ എന്ന ഗാനം ജയചന്ദ്രനും ദര്‍ശനം പുണ്യദര്‍ശനം എന്ന ഗാനം യേശുദാസും ആലപിച്ചു.
ശ്രീകോവില്‍ നട തുറന്നു, നക്ഷത്ര ദീപങ്ങള്‍ തിളങ്ങി തുടങ്ങിയ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. 1988ല്‍ ഇരട്ടസഹോദരനായ വിജയന്റെ വിയോഗം ഇദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നു. വിജയന്റെ മരണശേഷം ഇനി പാടേണ്ട എന്ന് പോലും തീരുമാനിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ യേശുദാസ് വിളിക്കുകയും, എല്ലാം മറന്ന് ഒരു കാസറ്റ് ചെയ്യണമെന്ന് ജയനോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ഇക്കാര്യം എസ്.രമേശന്‍ നായരെ കണ്ട് അവതരിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ഒന്‍പത് പാട്ടുകളെഴുതി തീര്‍ത്തു. ചന്ദന ചര്‍ച്ചിത നീലകളേബര, രാധ തന്‍ പ്രേമത്തോടാണോ എന്ന് തുടങ്ങിയ പാട്ടുകള്‍ ഉള്‍പ്പെട്ട മയില്‍പ്പീലി എന്ന കാസറ്റ് എക്കാലത്തേയും വലിയ ഹിറ്റായി മാറാന്‍ വലിയ താമസം ഉണ്ടായിരുന്നില്ല.
അതേപോലെ ഭാര്യയുടെ വിയോഗവും വലിയൊരു ദു:ഖമായി അദ്ദേഹം പറയുന്നുണ്ട്. കാന്‍സര്‍ ബാധിച്ചായിരുന്നു ഭാര്യ സരോജിനിയുടെ വിയോഗം. തലേദിവസം കച്ചേരിക്ക് പോകണമായിരുന്നു. മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ ഈ വിയോഗങ്ങളില്‍ നിന്നെല്ലാം അദ്ദേഹം പുറത്തെത്തിയത് സംഗീതത്തിന്റെ പാതയിലൂടെ വീണ്ടും സഞ്ചരിച്ച് കൊണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ പല പ്രതിസന്ധികളേയും മറികടക്കാന്‍ ഭഗവാന്‍ അനുഗ്രഹിച്ച് തന്ന കരുത്ത് ആയാണ് അദ്ദേഹം സംഗീതത്തെ കണ്ടിരുന്നത്.

Related Articles

Back to top button