BREAKING NEWSKERALA

മാസപ്പടി കേസില്‍ ഇഡിക്കെതിരെ ശശിധരന്‍ കര്‍ത്ത; വീണാ വിജയനെതിരായ രേഖകള്‍ ഹാജരാക്കി സിഎംആര്‍എല്‍

കൊച്ചി: മാസപ്പടി കേസില്‍ ഇഡി സമന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലില്‍ ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും കോടതിയെ സമീപിച്ചു. ഇതിനിടെ വീണാ വിജയനുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് സിഎംആര്‍എല്‍ കൈമാറുകയും ചെയ്തു.
പാര്‍ക്കിന്‍സിസ് രോഗമുണ്ട്, കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാണ് ശശിധരന്‍ കര്‍ത്ത ഉന്നയിച്ചത്. ചികിത്സ നടത്തുന്ന ആശുപത്രി രേഖകള്‍ സഹിതമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു ചോദ്യാവലി തയ്യാറാക്കി തന്നാല്‍ മറുപടി നല്‍കാമെന്നും കര്‍ത്ത വ്യക്തമാക്കി.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ചു. കോടതി നിര്‍ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും 24 മണിക്കൂറിലധികം ഇരുത്തി ചോദ്യം ചെയ്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് ലംഘിച്ചതില്‍ നടപടി വേണമെന്നാണ് സിഎംആര്‍എല്‍ ആവശ്യം.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട രേഖകളും സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനാധാരമായ രേഖകളാണ് ഹാജരാക്കിയത്. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് നടപടി.

Related Articles

Back to top button