BREAKING NEWSKERALALATEST

സി.പി.എം. നേതൃത്വം ഇടപെട്ടു; സുഗന്ധഗിരി മരംമുറി കേസില്‍ ഉദ്യോഗസ്ഥ നടപടി മരവിപ്പിച്ച് വനംമന്ത്രി

കല്‍പറ്റ: സി.പി.എം. നേതൃത്വം ഇടപെട്ടതോടെ, സുഗന്ധഗിരിയിലെ നിക്ഷിപ്ത വനഭൂമിയില്‍നിന്ന് അനധികൃതമായി മരംമുറിച്ച കേസില്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌നാ കരീം ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ചു.
വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ നടപടിയെടുത്തത് തിരഞ്ഞെടുപ്പിനു മുന്നില്‍നില്‍ക്കുമ്പോള്‍ വലിയ തിരിച്ചടിയാവുമെന്ന് സി.പി.എം. നേതൃത്വം ശക്തമായി പറഞ്ഞതോടെയാണ് നടപടി മരവിപ്പിച്ചത്. സി.പി.എം. ജില്ലാനേതൃത്വവും സസ്പെന്‍ഷനിലെ നടപടിക്രമങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെ വിശദീകരണം വാങ്ങിയശേഷം നടപടി മതിയെന്നും ഉത്തരവ് മരവിപ്പിക്കാനും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
ഷജ്നയ്ക്കു പുറമേ കല്പറ്റ ഫ്ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം. സജീവന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയും മരവിപ്പിച്ചു.
17-ന് രാത്രി 11.30-നാണ് സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. മാര്‍ട്ടിന്‍ ലോവലിന് പകരം ചുമതല നല്‍കി. ഡി.എഫ്.ഒ. ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും സര്‍ക്കാര്‍ താത്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നുമാണ് ബുധനാഴ്ച രാത്രി ഇറങ്ങിയ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവാണ് വ്യാഴാഴ്ച വൈകീട്ട് മരവിപ്പിച്ചത്. ആദിവാസികള്‍ക്കായി പതിച്ചുനല്‍കിയ വനഭൂമിയിലാണ് മരംമുറി നടന്നത്. 20 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയുടെ മറവില്‍ 107 മരങ്ങള്‍ മുറിച്ചുകടത്തുകയായിരുന്നു.

Related Articles

Back to top button