BREAKING NEWSKERALA

‘ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു’: എംവി ജയരാജന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി പ്രസിഡന്റിന് നോട്ടീസ് നല്‍കിയ സംഭവങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവി ജയരാജന്റെ പരാമര്‍ശം. കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണെന്നാണ് എംവി ജയരാജന്‍ പറഞ്ഞത്.

എം വി ജയരാജന്റെ കുറിപ്പ്: കുറുന്തോട്ടിക്കും വാതം. തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത് . മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിന്റെ പേരില്‍ വോട്ട് പിടുത്തം, വിവിധ മന്ത്രാലയങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗങ്ങള്‍ , ഹെലികോപ്ടറില്‍ എത്തിച്ച ദുരൂഹമായ ‘കറുത്ത പെട്ടികള്‍ ‘ എന്നിവയാണ് പരാതികളില്‍ ഉള്ളത്. ഇലക്ഷന്‍ കമ്മീഷന്‍ ആവട്ടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡന്റ് നദ്ദക്കാണ് നോട്ടീസ് നല്‍കിയത്.
ബിജെപിയുടെ ചട്ടുകമായ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ നോട്ടീസിന് പുല്ലുവില കല്‍പ്പിക്കുകയും വിദ്വേഷ പ്രസംഗം നദ്ദ
കൂടി നടത്തുകയും ചെയ്തു. മറ്റു പരാതികളിന്മേല്‍ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസൊന്നും നല്‍കിയിട്ടുമില്ല. നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രസംഗം നടന്ന സ്ഥലത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനാണോ കമ്മീഷന്‍ നോട്ടീസ് അയയ്ക്കുക..? കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണ്.

Related Articles

Back to top button