BREAKING NEWSKERALALATEST

യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്, ഓര്‍മയില്ലെന്ന് ഡ്രൈവര്‍

തിരുവനന്തപുരം: നടുറോഡില്‍ വിവാദമായ മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ച നിയമലംഘനം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് കൈമാറുക.
തൃശ്ശൂരില്‍ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബസ്സിലെ സി.സി.ടി.വി ദൃശ്യം കാണാതായതിന് ഉത്തരവാദി ഡ്രൈവറാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴാണ് പുതിയ നടപടിയുമായി പോലീസ് മുന്നോട്ടുവരുന്നത്. സംഭവം നടന്നതിന് പിറ്റേദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസ്സിന് സമീപം യദു എത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് യദുവിന്റെ ഫോണും പരിശോധിക്കും.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി യദുവിനെതിരേ പോലീസ് കെ.എസ്.ആര്‍.ടി.സിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നതിനിടെ പ്രതികരണവുമായി യദു. ഇടയ്ക്ക് ഫോണില്‍ സംസാരിച്ചുണ്ടാവുമെന്നും വളരെ അത്യാവശ്യമായി വീട്ടില്‍ നിന്നൊക്കെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓര്‍മയില്ലെന്നും യദു പ്രതികരിച്ചു. എന്നാല്‍ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചുവെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമാണോയെന്ന് സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇത്രയും ആളുകളേയും കൊണ്ട് ദൂരയാത്ര നടത്തുമ്പോള്‍ ഒരു മണിക്കൂറോളം എങ്ങനെയാണ് ഫോണില്‍ സംസാരിക്കുകയെന്നും യദു ചോദിച്ചു. തനിക്കുമേല്‍ ഇനിയും കേസ് വരുമെന്ന് ഉറപ്പാണ്. അതിനെ കോടതിയില്‍ നേരിടും.

ഫോണ്‍ ഉപയോഗം നിയമലംഘനമാണെന്നും പക്ഷെ ചിലപ്പോള്‍ ഫോണ്‍ എടുക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവാറുള്ളതെന്നും യദു പറഞ്ഞു. സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്. നടപടി വരുമ്പോള്‍ അപ്പോള്‍ നോക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു. മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ ഡ്രൈവറാണെന്ന് ആരോപണത്തിനും യദു മറുപടി നല്‍കി. കാര്‍ഡ് കിട്ടേണ്ട ഏറ്റവും ആവശ്യക്കാരന്‍ താനാണ്. അങ്ങനെയാവുമ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. പക്ഷെ അത് കണ്ടുപിടിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും യദു പ്രതികരിച്ചു

Related Articles

Back to top button