BREAKING NEWSNATIONAL

അഗ്‌നിപഥ്: ‘കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ക്കൊപ്പം’, സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അഗ്‌നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്‌നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറില്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാന്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്‌നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസിന്റെ റിപ്പോര്‍ട്ട്. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.
സൈന്യത്തില്‍ ജോലി ലഭിച്ചേക്കില്ലെന്ന പ്രചാരണത്തെ തുടര്‍ന്ന് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. നൂറിലധികം പൊലീസുകാരുണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വേ പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 20 കോടിയുടെ നാശനഷ്ടമുണ്ടായി. പൊലീസ് വെടിവെയ്പ്പില്‍ മരിച്ച വാറങ്കല്‍ സ്വദേശിയും 24 കാരനുമായ രാകേഷും സൗന്യത്തില്‍ ചേരാനുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ചിരുന്നു.
രാകേഷിന്റെ വിലാപയാത്രയ്ക്കിടെ സെക്കന്തരാബാദ് ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണ ശ്രമമുണ്ടായി. വിലാപയാത്രയില്‍ പങ്കെടുത്ത ടിആര്‍എസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മറ്റ് അനിഷ്ട സംഭവങ്ങള്‍ തെലങ്കാനയില്‍ ഉണ്ടായിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറിയ സാമൂഹ്യവിരുദ്ധരാണ് പിന്നില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. ചെന്നൈയില്‍ രാജ്ഭവന് മുന്നിലും യുവാക്കള്‍ പ്രതിഷേധിക്കാന്‍ സംഘടിച്ചെങ്കിലും പൊലീസ് എത്തി ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു.

Related Articles

Back to top button