AUTOFOUR WHEELER

പുതിയ മഹീന്ദ്ര കെയുവി വരുന്നു, പെട്രോള്‍ വേണ്ട… വൈദ്യുതി മതി

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര eKUV100 നെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 ജനുവരയില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ച വാഹനം 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഫെയിം 2 സബ്‌സിഡിയോടുകൂടി 8.25 ലക്ഷം രൂപയാണ് 5 സീറ്റര്‍ ഇലക്ട്രിക് വാഹനത്തിന് ഡല്‍ഹി എക്‌സ് ഷോറൂം വില. ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന കെയുവി 100 എന്‍എക്‌സ്ടി മോഡലിനേക്കാള്‍ ഏകദേശം 23,000 രൂപ മാത്രം കൂടുതല്‍. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറെന്ന പേര് സ്വന്തമാക്കിയാണ് വാഹനത്തിന്റെ വരവ്.
40 കിലോവാട്ട് മോട്ടോറാണ് മഹീന്ദ്ര ഇകെയുവി 100 ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയം. ഈ മോട്ടോര്‍ 53 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. 15.9 കിലോവാട്ട് അവര്‍ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. സിംഗിള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. സാധാരണ ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 5.45 മണിക്കൂര്‍ വേണം. എന്നാല്‍ അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് 55 മിനിറ്റ് മതി.
നിലവില്‍ വിപണിയിലുള്ള പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കെയുവി 100 എന്‍എക്‌സ്ടി മോഡലും ഇകെയുവി 100 ഉം തമ്മില്‍ കുറച്ച് സ്‌റ്റൈലിംഗ് മാറ്റങ്ങളുണ്ട്. മുന്നിലെ ഗ്രില്‍ അടച്ചു. മുന്നിലെ ഫെന്‍ഡറിന് തൊട്ടുമുകളില്‍ ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നു. എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ക്ക് പുതിയ ഗ്രാഫിക്‌സ് നല്‍കി. കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സവിശേഷതകളാണ്.

Related Articles

Back to top button