BREAKING NEWSKERALA

പിഎസ് സി നിയമനവിവാദം: തലസ്ഥാനം സംഘര്‍ഷഭരിതം, പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

തിരുവനന്തപുരം: പിഎസ്‌സി നിയമനവിവാദത്തില്‍ തലസ്ഥാനം സംഘര്‍ഷഭരിതം. വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റിന് മുന്നിലാണ് യുവമോര്‍ച്ച പ്രതിഷേധവുമായെത്തിയത്. പ്രവര്‍ത്തകര്‍ ആദ്യം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സെക്രട്ടറിയേറ്റിന്റെ ഗേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസ് ബാരിക്കേഡുകള്‍ തള്ളിനീക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പോലീസ് തുടര്‍ച്ചയായി ഏഴോളം തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയില്ല. തുടര്‍ന്ന് പോലീസ് ഗ്രനേഡ് ഷെല്ലുകള്‍ പ്രയോഗിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു,ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റാന്‍ പോലീസ് ശ്രമിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമായി. സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് പോലീസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സെക്രട്ടറിയേറ്റിന്റെ മറ്റൊരുഭാഗത്ത് പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയും നടത്തി.
പിഎസ്‌സി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തലസ്ഥാനത്ത് പിഎസ് സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍ പിഎസ് സി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. ഇവര്‍ ഓഫീസിന് മുന്നില്‍ പ്രതീകാത്മകമായി റീത്ത് വെച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് ഓഫീസിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ചില പ്രവര്‍ത്തകര്‍ മതിലിനുമുകളില്‍ ചാടിക്കയറി കരിങ്കൊടി വീശി. കുറേ പ്രവര്‍ത്തകര്‍ റോഡില്‍ നിരന്നുകിടന്നു. തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Related Articles

Back to top button