KERALALATEST

എതിര്‍പ്പും പ്രതിഷേധങ്ങളും വകവെയ്ക്കാതെ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടങ്ങളില്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളില്‍ പൊട്ടിത്തെറികളും പ്രതിഷേധങ്ങളും പതിവാണെങ്കിലും സി.പി.എമ്മില്‍ അത്തരമൊരു രീതിയേ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇത്തവണ സമാനതകളില്ലാത്ത പ്രതിഷേധങ്ങളും എതിര്‍പ്പുകളുമാണ് സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ സി.പി.എം. നേരിട്ടത്.
പോസ്റ്ററുകള്‍ മുതല്‍ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിട്ടും ഒന്നിനും വഴങ്ങാതെ, ഒരിളക്കവും തട്ടാതെയാണ് സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.
പൊന്നാനി,കുറ്റ്യാടി, തരൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ വലിയ രീതിയിലായിരുന്നു. കുറ്റ്യാടിയിലും പൊന്നാനിയിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രണ്ടിടത്തും നേതൃത്വം ഈ പ്രതിഷേധങ്ങളെ വകവെച്ചില്ല. പൊന്നാനിയില്‍ സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ഥിയായി വന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പേരാണ് പ്രതിഷേധപ്രകടനം നടത്തിയത്.
കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് മണ്ഡലം വിട്ടുനല്‍കിയതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രകടനം നടന്നു. പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
അതേസമയം, പ്രതിഷേധം മൂലം നേതൃത്വം വഴങ്ങിയത് തരൂരില്‍ മാത്രമാണ്. പ്രതിഷേധം മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയുടെ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പി.പി. സുമോദിനെയാണ് തരൂരില്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.
മാനദണ്ഡങ്ങളുടെ ഭാഗമായി ജി. സുധാകരന്‍, തോമസ് ഐസക് തുടങ്ങിയ പ്രമുഖരെ മാറ്റിനിര്‍ത്തിതിനെതിരേയും വിവിധ മണ്ഡലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനും നേതൃത്വം വഴങ്ങിയില്ല. അമ്പലപ്പുഴയില്‍ ജി. സുധാകരന് പകരം നിശ്ചയിച്ച എച്ച്. സലാമിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒടുവില്‍ സലാമിനെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഐസക്കിന് പകരമായി ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനും മത്സരിക്കും. ചിത്തരഞ്ജനെതിരേയും പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.
സ്ഥനാര്‍ഥി നിര്‍ണയത്തില്‍ പി. ജയരാജനെ തഴഞ്ഞതിനെതിരേയും പ്രതിഷേധങ്ങളുണ്ടായി. ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രാജിവെച്ചിരുന്നു. തനിക്കായി പ്രചരണം നടത്തിയ പി.ജെ. ആര്‍മിയെന്ന ഫെയ്‌സ്ബുക്ക് പേജിനെ ജയരാജന് ഒടുവില്‍ തള്ളിപറയേണ്ടി വന്നു. അതേസമയം, പാര്‍ട്ടി തീരുമാനത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
മറ്റു പല മണ്ഡലങ്ങളിലും സി.പി.എം. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ പാര്‍ട്ടി തയ്യാറായതേയില്ല. പ്രാദേശികമായി ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ പാടേ തള്ളി സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ടുപോയ സി.പി.എമ്മിന്റെ നിലപാട് തിരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടതാണ്.

Related Articles

Back to top button